വ്യക്തിപരമായി മോശമാക്കാനുള്ള ഇഡിയുടെ ശ്രമം, ഒരടി പിന്നോട്ട് പോകില്ല : പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇഡി വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. മേയ് മാസം കിട്ടിയെന്ന് പറയുന്ന രേഖ, സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ജനലക്ഷങ്ങൾ അണിനിരക്കുന്ന റാലി നടക്കുന്ന ദിവസം പുറത്ത് വിടുന്നതിൻ്റെ ലക്ഷ്യം വ്യക്തമാണെന്നും റിയാസ് പറഞ്ഞു.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് റിയാസിന്റെ പ്രതികരണം. വ്യക്തിപരമായി മോശമാക്കാനുള്ള ഇഡിയുടെ ശ്രമം കണ്ട് പേടിച്ച് പിന്നോട്ട് പോകില്ലെന്നും റിയാസ് വ്യക്തമാക്കി.
പഴയ കഥകൾ പൊളിഞ്ഞപ്പോൾ പുതിയതുമായി രംഗത്തിറങ്ങിക്കുകയാണ്. മണ്ഡലം വികസനത്തിൻ്റെ ഭാഗമായുണ്ടാക്കിയ ബേപ്പൂർ എന്ന വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടിയെന്നാണ് പുതിയ കഥ.
ഹവാല ഇടപാട് വീണ അംഗീകരിച്ചു എന്ന കഥ ശുദ്ധ അസംബന്ധമാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിൻ്റെ ആലോചനയുടെ ഭാഗമായി തയ്യാറാക്കിയ കുറിപ്പാണ് ഹവാല ഇടപാടെന്ന് പ്രചരിപ്പിക്കുന്നത്. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും ഇഡി ഹവാലയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചിട്ടില്ല. ഇഡിയെപ്പോലെ നിയമസംവിധാനങ്ങളെ പരിഹസിക്കാനില്ലാത്തതിനാൽ കേസിൻ്റെ സൂക്ഷ്‌മ വിവരങ്ങൾ പുറത്തുപറയുന്നില്ല. ഒരു തെറ്റും ചെയ്യാത്തതിനാൽ ഒന്നിനെയും ഭയപ്പെടുന്നില്ല.
ഇഡിയുടെ സ്ഥിരം പാറ്റേണിലുള്ള വാർത്തകളാണ് വരുന്നത്. കരിവാരിത്തേച്ച് ജനങ്ങൾക്കിടയിൽ മോശമാക്കാനാണ് ലക്ഷ്യം. എന്നാൽ ശക്തമായി ഇനിയും രാഷ്‌ട്രീയം പറയും. ഒരടി പിന്നോട്ട് പോകില്ലെന്നും റിയാസ് പറഞ്ഞു.









0 comments