ad
Deshabhimani

ചൂടിന് ആശ്വാസം; ഇന്ന് മഴയെത്തും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Rain Alert
വെബ് ഡെസ്ക്

Published on Sep 15, 2026, 06:45 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മൂന്നാർ തുടങ്ങിയ മലയോര മേഖലകളിൽ ഇന്നലെയും കനത്ത മഴയുണ്ടായിരുന്നതിനാൽ നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.


ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ജനലും വാതിലും അടച്ചിടണം.


വാതിലിനും ജനലിനും ഭിത്തിക്കും അരികിൽ നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ളപ്പോൾ ടെലഫോൺ ഉപയോഗിക്കരുത് (മൊബൈൽ ഫോൺ ഉപയോഗിക്കാം). ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.


അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ വിടരുത്. തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലുള്ള സമയത്ത് മരച്ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. കാറിനോ ബസ്സിനോ ഉള്ളിൽ ആണെങ്കിൽ അതിൽ തന്നെ തുടരുക.


ബൈക്ക്, സൈക്കിൾ, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറുക. ഇടിമിന്നൽ സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘം കാണുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തിവെച്ച് കരയിലേക്ക് മടങ്ങണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.


വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കാണുമ്പോൾ അവയെ മാറ്റിപ്പാർപ്പിക്കാൻ പോകുന്നത് ഒഴിവാക്കുക. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യസഹായം എത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home