സാമ്പത്തിക സർവേ: ഉയർന്ന വളർച്ചയിൽ കേരളം

തിരുവനന്തപുരം : കേരളത്തിന്റെ സർവ മേഖലകളിലും ഉയർന്ന വളർച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2025ലെ റിപ്പോർട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ സമർപിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2024- 25 ൽ ഉയർന്ന വളർച്ച കൈവരിച്ചതായി റിപ്പോർട്ടിലുണ്ട്. നെൽകൃഷി, മത്സ്യമേഖല, വ്യവസായ മേഖല, സഹകരണ മേഖല, വിവര സാങ്കേതിക മേഖല, പൊതുവിതരണ മേഖല തുടങ്ങിയ എല്ലാ മേഖലകളിലും വലിയ കുതിപ്പാണ് കേരളം കൈവരിച്ചത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 2023-24 ലെ കണക്കു പ്രകാരം 6,45,31,002 ലക്ഷം രൂപയിൽ നിന്നും 2024- 25ൽ 6,85,28,316 ലക്ഷം രൂപയായി (6.19 ശതമാനം) ഉയർന്നു. 2011-12 ലെ വിലയനുസരിച്ച് മൊത്തം സംസ്ഥാന മൂല്യവർധനവ് 2023- 24 ലെ 6.34 ശതമാനത്തിൽ നിന്ന് 2024- 25 ൽ 6.59 ശതമാനമായി ഉയർന്നു. നിലവിലെ വിലയിൽ ജിഎസ്ഡിപി 2023-24 ലെ 9.3 ശതമാനത്തിൽ നിന്ന് 2024- 25 ൽ 9.97 ശതമാനമായി വളർന്നു. അതുപോലെ നിലവിലെ വിലയിൽ ജിഎസ്‌വിഎ 2023-24 ലെ 9.19 ശതമാനത്തിൽ നിന്ന് 2024-25 ൽ 10.08 ശതമാനമായി വർധിച്ചു. ഉയർന്ന പ്രതിശീർഷ ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. പ്രതിശീർഷ ജിഎസ്ഡിപി സ്ഥിരവിലയിൽ 2023–-24 ലെ 1,79,953 രൂപയിൽ നിന്ന് 2024-25 ലെ ത്വരിത കണക്കു പ്രകാരം 1,90,149 രൂപയായി ഉയർന്നു. ഇതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ശതമാനം വളർച്ച രേഖപ്പെടുത്തി. കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
ജിഎസ്ഡിപിയിൽ സേവനമേഖല ആധിപത്യം തുടരുന്നു. വിവിധ മേഖലകളിലുടനീളമുള്ള ജിഎസ്ഡിപിയുടെ വളർച്ച 2023-24 ലെപ്പോലെ 2024-25ലും പോസിറ്റീവ് വളർച്ചയാണ് കാണിക്കുന്നത്. പ്രാഥമിക മേഖലയുടെ വളർച്ച 2023-24 ൽ രേഖപ്പെടുത്തിയ 0.24 ശതമാനത്തിൽ നിന്ന് 2024-25 ൽ 2.36 ശതമാനമായി വർധിച്ചു. ദ്വിതീയ മേഖല 2024-25 ൽ 7.87 ശതമാനം വളർച്ച കൈവരിച്ചു. 2023-24 ൽ ഇത് 9.74 ശതമാനമായിരുന്നു.
കേരളം വരുമാനം വർധിപ്പിക്കുന്നതിലൂടെയും ചെലവ് യുക്തിസഹമാക്കുന്നതിലൂടെയും വിവേകപൂർണമായ ധന ദൃഢീകരണ സമീപനമാണ് പിന്തുടരുന്നത്. ജിഎസ്ഡിപിയുടെ ശതമാനമെന്ന നിലയിൽ ധനക്കമ്മി 2023-24 ൽ 3.02 ശതമാനമായിരുന്നു, 2024- 25 ൽ 3.86 ശതമാനമായി നേരിയ തോതിൽ ഉയർന്നു, 2025- 26 ൽ 3.16 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. അതുപോലെ റവന്യൂ കമ്മി 2024- 25 ൽ ജിഎസ്ഡിപിയുടെ 2.49 ശതമാനമാണ്, ഇത് 2023- 24 ൽ 1.6 ശതമാനമായിരുന്നു. 2025- 26 ൽ റവന്യൂ കമ്മി ജിഎസ്ഡിപിയുടെ 1.9 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 2023- 24 ലെ 1,24,486 കോടി രൂപയിൽ നിന്ന് 2024- 25 ൽ 1,24,861.07 കോടി രൂപയായി ഉയർന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 0.3 ശതമാനം വളർച്ച.
എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള കൈമാറ്റം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024- 25 ൽ 6.15 ശതമാനം കണ്ട് ഗണ്യമായി കുറഞ്ഞു. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020-21 ൽ രേഖപ്പെടുത്തിയ നെഗറ്റീവ് വളർച്ച ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്തിന്റെ തനതു റവന്യൂ വരുമാനം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023- 24 നെ അപേക്ഷിച്ച് 2024-25 ൽ സംസ്ഥാനത്തിന്റെ തനതു വരുമാന വരുമാനം 2.7 ശതമാനം വർധിച്ചു. ഇതേ കാലയളവിൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 3.1 ശതമാനവും നികുതിയേതര വരുമാനം 0.9 ശതമാനവും വർധിച്ചു.
മൊത്തം ചെലവിന്റെ വളർച്ച 2023-24 ലെ 0.5 ശതമാനത്തിൽ നിന്ന് 2024-25 ൽ 9.0 ശതമാനമായി രേഖപ്പെടുത്തി. മൊത്തം റവന്യൂ ചെലവ് 2023-24 ലെ 0.5 ശതമാനത്തിൽ നിന്ന് 2024- 25 ൽ 9.3 ശതമാനമായി ഉയർന്നു. മൊത്തം മൂലധനച്ചെലവ് 2023- 24 ലെ 0.48 ശതമാനത്തെ അപേക്ഷിച്ച് 2024- 25 ൽ 8.96 ശതമാനം വർധിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സെപ്റ്റംബറിൽ ഇന്ത്യയിലും കേരളത്തിലും ഉപഭോക്തൃ വില സൂചിക (സിപിഐ) സംയോജിത പണപ്പെരുപ്പം യഥാക്രമം 1.54 ശതമാനവും 9.05 ശതമാനവുമായിരുന്നു. കേരളത്തിൽ ഗ്രാമീണ പണപ്പെരുപ്പം 2025 സെപ്തംബറിലെ നഗര പണപ്പെരുപ്പത്തേക്കാൾ കൂടുതലാണ്.
പ്രാഥമിക മേഖല 2023-24 ൽ 0.24 ശതമാനത്തിൽ നിന്ന് 2024-25 ൽ 2.36 ശതമാനം ഉയർന്ന വളർച്ച രേഖപ്പെടുത്തി. പ്രാഥമിക മേഖലയിൽ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും 2024-25 ൽ 2.14 ശതമാനം വളർച്ച കൈവരിച്ചു, 2023-24 ൽ ഇത് 1.25 ശതമാനമായിരുന്നു. മത്സ്യബന്ധനവും മത്സ്യക്കൃഷിയും 2023-24 ലെ 3.58 ശതമാനം നെഗറ്റീവ് വളർച്ചയെ അപേക്ഷിച്ച് 10.55 ശതമാനം വളർച്ച നേടി. 2024-25 ൽ പ്രാഥമിക മേഖല മൊത്തം ജിഎസ്‌വിഎയുടെ 8.06 ശതമാനം സംഭാവന ചെയ്തതിൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും 7.64 ശതമാനം സംഭാവന ചെയ്യുന്നു.










0 comments