print edition പരിസ്ഥിതിലോല മേഖല: വീണ്ടും കരടുവിജ്‌ഞാപനം

ന്യൂഡൽഹി: പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്‌എ) നിർണയിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുന്നു. കേരളത്തിലെയും കർണാടകത്തിലെയും കാര്യത്തിൽ സമവായമാകാത്ത സാഹചര്യത്തിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം വീണ്ടും കരടുവിജ്‌ഞാപനം പുറപ്പെടുവിച്ചു. ഏഴാം വട്ടമാണ് കേന്ദ്രം കരടുവിജ്‌ഞാപനം പുറപ്പെടുവിക്കുന്നത്. 2024 ജൂലൈയിൽ പുറപ്പെടുവിച്ച ആറാമത്തെ വിജ്‌ഞാപനത്തിന്റെ സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചു.
ഇതിൽ പറഞ്ഞിരുന്ന പ്രദേശങ്ങളിൽ മാറ്റമില്ലാതെയാണ് പുതിയതും. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ രണ്ടുമാസം സമയം അനുവദിച്ചിട്ടുണ്ട്. പശ്‌ചിമഘട്ടത്തിലെ 56825.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്‌എ മേഖലയായി നിശ്‌ചയിച്ചത്. കേരളത്തിൽ 9993.7 ചതുരശ്ര കിലോമീറ്റർ ഇതിലുണ്ട്.9107 ചതുരശ്ര കിലോമീറ്റർ വനവും 866.7 ചതുരശ്ര കിലോമീറ്റർ വനേതര മേഖലയുമാണ്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംത്തിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ 131 വില്ലേജാണ് പട്ടികയിലുള്ളത്.
ഇവിടെ ഖനികൾക്കും ക്വാറികൾക്കും മണൽ ഖനനത്തിനും പൂർണവിലക്കുണ്ട്. താപവൈദ്യുതി നിലയങ്ങളും വലിയ മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങളും നിർമാണപ്രവർത്തനങ്ങളും പാടില്ല. ജലവൈദ്യുതി പദ്ധതികൾക്കും നിയന്ത്രണമുണ്ട്. ഇതിൽനിന്നും ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കണമെന്നാണ് ആവശ്യം. വിദഗ്‌ധ സമിതി ഇത് അംഗീകരിച്ചിട്ടില്ല.










0 comments