print edition കാർബറേറ്റർ ആയുസ് കുറച്ച് ഇ 20 പെട്രോൾ; മൈലേജുമില്ല പുള്ളിങ്ങുമില്ല കിതച്ച് ഇരുചക്രവാഹനങ്ങൾ

അഞ്‌ജുനാഥ്
Published on Aug 04, 2026, 01:31 AM | 1 min read
ആലപ്പുഴ: എഥനോൾ കലർത്തിയ ഇ 20 പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് ഗുരുതര തകരാറുണ്ടാക്കുന്നതായി വ്യാപക പരാതി. എഥനോൾ കാർബറേറ്ററുകളെ അതിവേഗം തകരാറിലാക്കുന്നുവെന്നാണ് വർക്‌ഷോപ്പ് മെക്കാനിക്കുകൾ പറയുന്നത്. രണ്ട് മുതൽ മൂന്നുവർഷം കഴിഞ്ഞ വാഹനങ്ങളിലെ കാർബറേറ്ററിനുള്ളിൽ പൊടിപോലത്തെ വസ്‌തു അടിഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നത്. അതിനാൽ വണ്ടി സ്‌റ്റാർട്ട് ആകാൻ പ്രയാസവും ഓടിക്കൊണ്ടിരിക്കുന്നവ പെട്ടെന്ന് നിന്നുപോകുന്നതും പതിവായി.
ഇ 20 പെട്രോൾ വന്ന ശേഷം കാർബറേറ്ററുകളുടെ ആയുസ്സ് 30ശതമാനത്തിലേറെയാണ് കുറഞ്ഞത്. പൊടി അടിഞ്ഞ് വാഹനങ്ങളിൽ പെട്രോൾ ഓവർഫ്ലോയും പതിവാണ്. പ്രശ്‌നം റിപ്പോർട്ട് ചെയ്ത വണ്ടികളിൽ മൈലേജും പുള്ളിങ്ങും കുറഞ്ഞു. ഇതോടെ കാർബറേറ്ററുകളുടെ വിലയും കൂടി. ഹോണ്ട ആക്‌ടീവ മോഡൽ സ്‌കൂട്ടറുകളിലെ കാർബറേറ്ററിന് നേരത്തേ 2200 രൂപയെങ്കിൽ ഇപ്പോൾ 2850 രൂപയാണ്. 100 സിസി, 150 സിസി ബൈക്കുകൾക്ക് യഥാക്രമം 2650 രൂപയും 5300 രൂപയുമായി. ബുള്ളറ്റിന്റെ വിവിധ മോഡലുകൾക്ക് 4500 മുതൽ മുകളിലേക്ക് വില വർധിച്ചു.










0 comments