print edition ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം ; വർഗീയതയ്ക്കെതിരെ 30-ന് ബഹുജന സംഗമം

തിരുവനന്തപുരം
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് വർഗീയശക്തികൾക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം തീർക്കാൻ ‘ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനസംഗമം സംഘടിപ്പിക്കും. ഡിവൈഎഫ്ഐയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും എസ്എഫ്ഐയും ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്.
രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയായ വർഗീയതയ്ക്കെതിരെയും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായുമുള്ള ബഹുജന മുന്നേറ്റത്തിൽ രാഷ്ട്രീയ -സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വൈകിട്ട് പൂജപ്പുര മൈതാനത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. എ വിജയരാഘവൻ, മറിയം ധാവ്‌ളെ, വൃന്ദാ കാരാട്ട്, എം വി ജയരാജൻ, ശ്വേത ഭട്ട്, സുഭാഷിണി അലി, മന്ത്രി എം ബി രാജേഷ്, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉദ്‌ഘാടകരാകും.
മുഴുവൻ ജനാധിപത്യ വിശ്വാസികളും സംഗമത്തിൽ അണിനിരക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം എ നന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.










0 comments