'കുട്ടികളുടെ ജീവൻ പണയപ്പെടുത്തരുത്'; എസ്എംഎ മരുന്നുമാറ്റത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്തതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ‘കുഞ്ഞുങ്ങളെ പരീക്ഷണച്ചരക്കാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് വ്യാഴാഴ്ച മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയത്. പരീക്ഷണ ലേബലുകളുള്ള മരുന്നുകുപ്പികളുടെ ചിത്രങ്ങളും പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
കുട്ടികളുടെ ചികിത്സാസുരക്ഷയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാതെ മരുന്നുമാറ്റവുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് സർക്കാരിനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കുട്ടികളുടെ ജീവൻ സംബന്ധിച്ച വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എസ്എംഎ ബാധിതരായ കുട്ടികൾക്ക് നേരത്തെ നൽകിയിരുന്ന മരുന്നിന് പകരം നാറ്റ്‌കോ ഫാർമയുടെ ജനറിക് മരുന്ന് വിതരണം ചെയ്തതാണ് വിവാദത്തിന് തുടക്കമിട്ടത്. ‘ഫിസിഷ്യൻ സാംപിൾ’, ‘ഫോർ ക്ലിനിക്കൽ ട്രയൽസ് ഒൺലി’ എന്നിങ്ങനെ രേഖപ്പെടുത്തിയ കുപ്പികളാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്. ഗുരുതരമായ ജനിതകരോഗം ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്നിന്റെ കുപ്പികളിൽ പരീക്ഷണാവശ്യത്തിനുള്ളതെന്ന ലേബൽ പ്രത്യക്ഷപ്പെട്ടത് നിസ്സാരമായ പിഴവായി തള്ളിക്കളയാനാകില്ല. മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച രേഖകൾ വ്യക്തമാക്കാതെ കുട്ടികളുടെ ചികിത്സയിൽ മാറ്റം വരുത്തിയതും രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെയർ പദ്ധതിയിലൂടെ എസ്എംഎ ബാധിതരായ കുട്ടികൾക്ക് റോഷ് കമ്പനിയുടെ റിസ്ഡിപ്ലാം മരുന്ന് സൗജന്യമായി ലഭ്യമാക്കിയിരുന്നു.
കുട്ടികൾക്ക് വിതരണം ചെയ്ത ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ ലേബലുകളുള്ള മരുന്നുകുപ്പികൾ തിരിച്ചുവാങ്ങാൻ നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം കുപ്പികൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും പരിശോധനകൂടാതെ കുട്ടികൾക്ക് വിതരണം ചെയ്തതെങ്ങനെയെന്നും വ്യക്തമല്ല. മരുന്നുമാറ്റത്തെക്കുറിച്ച് രക്ഷിതാക്കൾ ഉയർത്തിയ ആശങ്കകൾക്കും ഇതുവരെ വ്യക്തമായ മറുപടിയില്ല.








0 comments