ഉന്നാവ് ബലാത്സംഗക്കേസ് പ്രതിയായ ബിജെപി നേതാവിന് ജാമ്യം, തിരംഗയേന്തിയ യുവാക്കൾക്ക് ജയിൽവാസം; രണ്ടും ഒരേ ജഡ്ജിയിൽനിന്ന്

കുൽദീപ് സെൻഗര്‍ (ഇടത്), സൗരവ് ദാസ്, അശുതോഷ് റാങ്ക
ന്യൂഡൽഹി: ഒരുഭാഗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎയ്ക്ക് ജാമ്യാനുകൂല്യം. മറുഭാഗത്ത് ജനാധിപത്യപരമായി ദേശീയപതാകയേന്തി പ്രതിഷേധിച്ചതിന് വിചാരണപോലുമില്ലാതെ യുവാക്കൾക്ക് ഏഴുദിവസത്തെ ജയിൽവാസം. ഈ രണ്ട് കേസുകളിലും കോടതി നടപടികൾ ഉണ്ടായത് ഒരേ ജഡ്ജിയിൽ നിന്നാണ്.
ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സിങ് സെൻഗറിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ദേശീയപതാകയുമായി പ്രതിഷേധിച്ച സൗരവ് ദാസിന്റെയും ആശുതോഷ് റാങ്കയുടെയും ഹർജിയിൽ അടിയന്തര ഇടപെടലിന് തയ്യാറാകാതിരുന്നത്. ഇരുവരുടെയും പ്രായം ചോദിച്ച ജഡ്ജി ‘നിങ്ങൾ ജെൻ സി അല്ലല്ലോ’ എന്ന പരാമർശവും നടത്തി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച സിജെപി പ്രവർത്തകരാണ് സൗരവും ആശുതോഷും. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയാണ് ഇവർ തിരംഗയേന്തി പ്രതിഷേധിച്ചത്. ഒക്ടോബർ 13ന് ജന്തർ മന്തറിലെ അടച്ചിട്ട കവാടം കടന്ന് ദേശീയപതാക ഉയർത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇരുവരുടെയും തടവ് ഒക്ടോബർ 19ന് രണ്ടുദിവസത്തേക്കുകൂടി നീട്ടി. അങ്ങനെ ഏഴുദിവസം ഇവർക്ക് തിഹാർ ജയിലിൽ കഴിയേണ്ടിവന്നു.
ഈ നടപടിക്കെതിരെ ഒക്ടോബർ 21ന് ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിന്റെ നിയമസാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തത്. എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ആദ്യം അന്വേഷിച്ചത് യുവാക്കളുടെ പ്രായമാണ്. സൗരവിന് 27 വയസ്സും ആശുതോഷിന് 31 വയസ്സുമാണെന്ന് അഭിഭാഷകൻ അറിയിച്ചതോടെ ‘നിങ്ങൾ ജെൻ സി അല്ലല്ലോ’ എന്നായിരുന്നു ജഡ്ജിയുടെ പരാമർശം.
ഇവിടെയാണ് ഉന്നാവ് ബലാത്സംഗക്കേസിലെ കോടതി നടപടി പ്രസക്തമാകുന്നത്. 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019ലാണ് മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രാജ്യത്തെ നടുക്കിയ കേസിൽ പ്രതിയായിരുന്ന സെൻഗർ ശിക്ഷാവിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
2025 ഡിസംബർ 23ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സെൻഗറിന്റെ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് ജാമ്യം അനുവദിച്ചു. 15 ലക്ഷം രൂപയുടെ ബോണ്ടും മൂന്ന് ആൾജാമ്യവും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ഉത്തരവ്. ബലാത്സംഗക്കേസിൽ വിചാരണ പൂർത്തിയായി കുറ്റം തെളിയിക്കപ്പെട്ട ബിജെപി നേതാവിന് ജാമ്യമനുവദിച്ച ഉത്തരവിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ പേരുമുണ്ടായിരുന്നു.
ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഡിസംബർ 29ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. പിന്നീട് 2026 മേയ് 15ന് ഉത്തരവ് റദ്ദാക്കി വിഷയം വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. ഇതില്‍ സെന്‍ഗറിന് ജയിൽമോചനം ലഭിച്ചില്ല.
സൗരവിനും ആശുതോഷിനുമെതിരെയുള്ളത് ജനാധിപത്യപരമായ സമരത്തിനിടെ ദേശീയപതാക വീശി എന്ന കുറ്റമാണ്. കസ്റ്റഡി നീട്ടിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടും അടിയന്തര ഇടപെടലുണ്ടായില്ല. തുടർന്ന് ഇരുവരും ഹർജി പിൻവലിച്ചു.
ബുധനാഴ്ച വൈകിട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവരെയും വിട്ടയച്ചത്. അപ്പോഴേക്കും ഏഴുദിവസത്തെ ജയിൽവാസം പൂർത്തിയായിരുന്നു. 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും ആൾജാമ്യവും നൽകുകയുംചെയ്തു.
ജഡ്ജിയുടെ ജെൻ സി പരാമർശത്തിനെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും യൂട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ച് ‘ജെൻ സി എന്നു വിളിക്കാൻ യോഗ്യനായ ഏക വ്യക്തി’ എന്നായിരുന്നു അഭിജീത് ദിപ്കെയുടെ പരിഹാസം. ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗറിന് ജാമ്യം നൽകിയ ജഡ്ജി തന്നെയാണ് ഇപ്പോൾ യുവാക്കളോട് ജെൻ സി പരാമർശം നടത്തിയതെന്ന് ധ്രുവ് റാഠിയും ചൂണ്ടിക്കാട്ടി.
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച ജഡ്ജിയാണ് ദേശീയപതാകയേന്തി പ്രതിഷേധിച്ച യുവാക്കളുടെ കസ്റ്റഡിയിൽ ഇടപെടാതെ അവരുടെ പ്രായവും സമരത്തിന്റെ ലക്ഷ്യവും ചോദ്യം ചെയ്തത്. ഉന്നാവ് കേസിലെ ജാമ്യ ഉത്തരവ് സുപ്രീംകോടതിക്കുതന്നെ പിന്നീട് റദ്ദാക്കേണ്ടിവന്നു. മറുവശത്ത്, തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധിച്ച സിജെപി നേതാക്കൾക്ക് ഏഴുദിവസം ജയിലിൽ കഴിയേണ്ടിവന്നു.








0 comments