കേരളത്തെക്കുറിച്ച് വിദ്വേഷപ്രചാരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: കേരളത്തെ കുറിച്ച് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. "ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങൾ ആണെന്നും കേരളം അപകടത്തിലാകണെന്നും" പരാമർശിക്കുന്ന വിദ്വേഷ വീഡിയോ പുറത്തിറക്കിയ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിംഗ് ഡാരനെയും ആ വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ മതവിദ്വേഷം സൃഷ്ടിക്കുന്നവരെയും മതേതര കേരളം ഒറ്റപ്പെടുത്തണം.
ഉത്തരേന്ത്യൻ യൂട്യൂബറുടെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച ലിറ്റിചോക്കപ്പ് എന്ന ഇൻസ്റ്റഗ്രാം പേജിനും ആ വീഡിയോ പിന്തുണച്ച് കമന്റിട്ട സിനിമാ താരം ദിയ കൃഷ്ണക്കെതിരെയും നടപടി ഉണ്ടാകണം. വിവിധ മതവിഭാഗങ്ങൾ സ്നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന കേരളീയ സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനും വിഭജിപ്പിക്കാനും വർഗീയ ശക്തികൾ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മതനിരപേക്ഷതയുടെ ശക്തമായ തുരുത്തായ കേരളം വർഗീയ ശക്തികളുടെ എല്ലാകാലത്തെയും ശത്രുവാണ്. ആ കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി ഇത്തരം പ്രചരണം നടത്തുന്നവരെ ശക്തമായി നേരിടുകയും കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമത്തെയും ചെറുത്തു തോൽപ്പിക്കുകയും വേണം.
ഇത്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്നവരെയും അതിനെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയണമെന്നും വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.









0 comments