ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വൻ രാസലഹരി കടത്ത്: റേഡിയോളജി വിദ്യാർഥിനി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

അറസ്റ്റിലായ അദ്വൈത, മുഹമ്മദ് സിജാഹ് (Photo: Screengrab)
കൊല്ലം: ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ രാസലഹരി കടത്തിയ സംഭവത്തിൽ റേഡിയോളജി വിദ്യാർഥിനി ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. ശാസ്താംകോട്ട പൊലീസ് ബംഗളൂരുവിൽ എത്തിയാണ് സംഘത്തെ പിടികൂടിയത്. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികളാണ് സംഘം കേരളത്തിലെ വിവിധ ജില്ലകളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നത്.
പ്രതികൾ വർഷങ്ങളായി കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അദ്വൈത ബംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി പോയതായിരുന്നു. പഠനത്തിനിടെയാണ് ലഹരി ഇടപാടുകളിലേയ്ക്ക് തിരിഞ്ഞത്. പിടിയിലായ മുഹമ്മദ് സിജാഹ് നേരത്തെയും നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എക്സൈസ് കേസുകളിലും ഇയാൾക്ക് പങ്കുണ്ട്. ഇരുവരും ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കമിതാക്കളായി താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്ന് എംഡിഎംഎയുമായി യുവതിയെ ശാസ്താംകോട്ട പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ ഷംനാദിനെ ബംഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ലഹരിമരുന്ന് കൈമാറുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേരെയും കർണാടക സ്വദേശിയെയും പൊലീസ് പിടികൂടി. ഇവരിൽ നിന്നുമാണ് കേസിലെ പ്രധാനികളായ അദ്വൈതയിലേയ്ക്കും സിജാഹിലേയ്ക്കും പൊലീസിനെ എത്തിച്ചത്.










0 comments