ഒരു മോട്ടോർ വാഹന ഇൻസ്‌പെക്‌ടർക്കുകീഴിൽ ദിവസം 40 ടെസ്റ്റ് മാത്രം
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണം ; നിർദേശങ്ങൾ ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

കൊച്ചി
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണത്തിനായി സർക്കാർ ഇറക്കിയ സർക്കുലറിലെയും ഉത്തരവിലെയും നിർദേശങ്ങൾ ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. മോട്ടോർ സൈക്കിളിൽ കാലുകൊണ്ട് മാറ്റാവുന്ന ഗിയർ വേണം, 95 സിസിയിൽ കൂടുതൽ യന്ത്രശേഷി തുടങ്ങിയ നിബന്ധനകൾ റദ്ദാക്കി.
ടെസ്റ്റിന് 18 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളരുത്, ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ പാടില്ല, ടെസ്റ്റ് വാഹനങ്ങളിൽ ഡാഷ് ബോർഡ് കാമറ, റെക്കോഡിങ്ങിന് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്, ഡാറ്റ മൂന്നുമാസം സൂക്ഷിക്കണം തുടങ്ങിയവും റദ്ദാക്കി. ഗതാഗത കമീഷണർ ഇറക്കിയ സർക്കുലറിലെ ചില നിർദേശങ്ങൾ, കേന്ദ്ര മോട്ടോർവാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്.
ഗതാഗതമുള്ള റോഡിലാകണം മോട്ടോർ സൈക്കിൾ ലൈസൻസിനുള്ള റോഡ് ടെസ്റ്റ് എന്ന നിബന്ധന ശരിവച്ചു. നാലുചക്രവാഹന ഗ്രൗണ്ട് ടെസ്റ്റിന് ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് (കയറ്റത്തിൽ നിർത്തിയെടുക്കുന്ന) ടെസ്റ്റ് പരിശോധന എന്നിവ വേണമെന്നതും ശരിവച്ചു. ദിവസം ഒരു ടീമിൽ 40 ടെസ്റ്റ്‌നിലനിർത്തി.
സർക്കുലറിനെതിരെ ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. 2024 ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നീക്കണമെന്ന നിബന്ധന 18 വർഷമാക്കുകയും ഒരു മോട്ടോർ വാഹന ഇൻസ്‌പെക്‌ടർക്കുകീഴിൽ ദിവസം 30 ടെസ്റ്റുകൾ എന്നത് 40 ആക്കി ഉയർത്തുകയും ചെയ്‌തിരുന്നു. വിധി സർക്കാരിനെതിരല്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.










0 comments