ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു; പ്രധാന പ്രതി പിടിയില്‍

തൃശൂർ: കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണ്‍, വിലപ്പെട്ട രേഖകൾ എന്നിവയടങ്ങിയ കാർ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. തമിഴ്നാട് തിരുനെൽവേലി സ്വദേശി മണികണ്ഠനെ (28)യാണ് സാഗോക്ക് സ്ക്വാഡ് അതിവിദഗ്ധമായി തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കേസിലെ മറ്റു പ്രതികളായ തമിഴ്നാട് സ്വദേശികളായ നാഗർകോവിൽ ചെട്ടികുളം ശെൽവൻ (36), തിരുനെൽവേലി വള്ളിയൂർ ജയകുമാർ (22) എന്നിവരെ പീച്ചി പൊലീസും സാഗോക്ക് സ്ക്വാഡും ചേർന്ന് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠനെതിരെ തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകളുണ്ട്.
കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു സംഭവം. പാണഞ്ചേരി കരിപ്പകുന്ന് സ്വദേശി ചെമ്പൂത്രയിൽ കാർ പാർക്കുചെയ്ത് വിശ്രമിക്കുന്പോൾ, പ്രതികൾ കാറിലേക്ക് അതിക്രമിച്ചുകടന്ന് കഴുത്തിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഡ്രൈവർ കാറിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമികൾ മൊബൈൽഫോണും വിലപ്പെട്ടരേഖകളടങ്ങിയ കാർ തട്ടിയെടുക്കുകയുമായിരുന്നു.
അന്വേഷക സംഘത്തിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. പൊലീസ് കമീഷണർ കെ സി സേതു, ഒല്ലൂർ എസിപി തോംസൺ, പീച്ചി ഇൻസ്‌പെക്ടർ അമീർ അലി, സിറ്റി സാഗോക്ക് ടീം അംഗങ്ങളായ അസി. സബ് ഇൻസ്‌പെക്ടർ പി കെ പഴനി സ്വാമി, സീനിയർ സിപിഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിപിഒമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരും ഉണ്ടായിരുന്നു.









0 comments