"ജ്വാല'യെ കെടുത്തിയല്ലോ മഴയും പിന്നെ നിങ്ങളും! കനത്ത മഴയിൽതന്നെയാണ് സർ അവരിപ്പോഴും

പെരിങ്ങോം പുളിങ്ങോത്തെ നാട്ടുവഴികളിലൂടെ ഓട്ടോയിൽ ഇവരോടാത്ത വഴികളില്ല. അവരെത്താത്ത പാതകളില്ല. ജീവിതം കരുപ്പിടിപ്പിക്കാൻ അതിലൂടെ അവരൊരു പുതുവഴി തേടി; സ്വന്തമായൊരു സംരംഭം. വലിയ മുതൽമുടക്കിൽ കോഴി ഫാം; അതിന്റെ ആദ്യ വരുമാനം ലഭിക്കുന്നതിന് തൊട്ടുതലേന്നാണ് പ്രതീക്ഷകളെല്ലാം തകർത്ത് മലവെള്ളമെത്തിയത്! മീന്‍തുള്ളിയിലെ ടോമിപുത്തൻ പുരയ്‌ക്കലിന്റെ വീടിനോടുചേർന്നുള്ള പുരയിടം വർഷത്തിൽ അരലക്ഷം രൂപയ്‌ക്ക് ലീസിനെടുത്ത് കുടുംബശ്രീ മുഖേന ആരംഭിച്ച പൗൾട്രിഫാം; ജ്വാലയെന്ന് പേര്. സമപ്രായക്കാരും ഉറ്റ സുഹൃത്തുക്കളുമായ ഉമയംചാലിലെ കെ വിനോദ്, എ വി ജയചന്ദ്രൻ, കെ ബിനൂപ്, ബിനീഷ് എന്നീ ഓട്ടോ ഡ്രൈവർമാരുടെ പ്രാണനായിരുന്നു ‘ജ്വാല’. ഓട്ടോയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് സംരംഭം ആലോചിച്ചത്. 16ലക്ഷം രൂപ ചെലവിട്ട് അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളുമൊരുക്കി. ബിനീഷിന്റെ ഭാര്യ സൂര്യയുടെ പേരിലാണ് ഫാം ആരംഭിച്ചത്. കേരള ചിക്കന്റെ 21ലക്ഷം രൂപ മുതൽമുടക്കിൽ 4300 കോഴികളുമായി തുടങ്ങി. വൻലാഭമെന്നു പറയാനില്ലെങ്കിലും നഷ്ടമില്ലായിരുന്നു, പതുക്കെ മുതൽമുടക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ ബാച്ചിൽ 2000 കോഴികളെക്കൂടി എത്തിച്ചത്. 33 ദിവസത്തെ വളർച്ച പൂർത്തിയായി കൈമാറാൻ ഒരുദിവസം ബാക്കിനിൽക്കെ കഴിഞ്ഞ ആഗസ്‌ത് ഒന്നിന് എല്ലാം തകർത്തെറിഞ്ഞ് കാര്യങ്കോട് പുഴയുടെ കൈവഴിയായ പൊൻപുഴ തോട് കരകവിഞ്ഞൊഴുകി. കുറേ കോഴികൾ ഒലിച്ചുപോയി. അവശേഷിക്കുന്നവ ശ്വാസംമുട്ടി ചത്തു. തീർന്നില്ല, ഫാമിന്റെ അടിഭാഗത്തുള്ള കൽക്കെട്ടുകൾ തകർന്നതോടെ, കോഴിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന ചെറുപാത്രങ്ങളടക്കം കുറേ പാത്രങ്ങളും 200 ചാക്ക് മരപ്പൊടിയും 40 ചാക്ക് കോഴിത്തീറ്റയും വെള്ളം കവർന്നു. ഒരുമീറ്ററിലേറെ ഉയരത്തിലാണ് വെള്ളം ഫാമിൽകെട്ടിനിന്നത്. മലവെള്ളം ഇരച്ചുവന്നതിനാൽ ആർക്കും ഫാമിലേക്ക് കടക്കാൻ കഴിയാത്തതും ദുരന്തം ഇരട്ടിയാക്കി. മലവെള്ളം കെട്ടിനിന്ന ഉൾഭാഗത്ത് ഇപ്പോഴും ഒന്നരയടിയിൽ ചെളി കട്ടപ്പിടിച്ചുനിൽക്കുകയാണ്. ഇത് വൃത്തിയാക്കാനും ഇവർക്കാവുന്നില്ല. ആകെ 30ലക്ഷം രൂപയാണ് നഷ്ടം. ദുരന്തമറിഞ്ഞ് പിറ്റേന്ന് കലക്ടർ പി വിഷ്‌ണുരാജ് സ്ഥലം സന്ദർശിച്ചപ്പോൾ അടിയന്തരസഹായം എത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ ഒരു രൂപപോലും കിട്ടിയിട്ടില്ല. സഹായം അഭ്യർഥിച്ച് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്‌ണനെ വീട്ടിലെത്തി കണ്ടു. ഇന്നുവരെ സ്ഥലം സന്ദർശിച്ചില്ലെന്ന് മാത്രമല്ല, ഫോണിൽ വിവരം അന്വേഷിക്കാനും തയ്യാറായിട്ടില്ല. കലക്ടറുടെ നിർദേശപ്രകാരം ഒരുദ്യോഗസ്ഥൻ വിവരങ്ങൾ തേടി. ‘‘എന്നോട് വന്ന് നോക്കാൻ മുകളിൽനിന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ വന്നു. കണ്ടു, മറ്റൊന്നും ചെയ്യാനാകില്ല’’– അധികൃതരുടെ മറുപടി ഇത്രമാത്രം. ‘‘ചത്ത കോഴികളെ കുഴിച്ചിടാൻപോലും പഞ്ചായത്ത് സഹായിച്ചില്ല. ജെസിബി ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി അതിൽ ഇട്ടുമൂടി’’– വേദനയോടെ വിനോദ് പറഞ്ഞു. പ്രകൃതിയുടെ ക്രൂരതയ്‌ക്കൊപ്പം അധികൃതരുടെ അവഗണനകൂടി ചേരുന്പോൾ മലയോരം ഇപ്പോഴും കണ്ണീർ വാർക്കുകയാണ്. അതേപ്പറ്റി നാളെ









0 comments