Deshabhimani

ചികിത്സാപ്പിഴവിനെത്തുടർന്ന്‌ യുവതിയുടെ മരണം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ 
പ്രിൻസിപ്പൽ ഓഫീസ്‌ ഡിവൈഎഫ്ഐ ഉപരോധിച്ചു

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ, 
ഏരിയാ സെക്രട്ടറി എം ശ്രീധരൻ എന്നിവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലുമായി സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Oct 08, 2026, 11:08 AM | 2 min read

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന്‌ യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയും സമഗ്രാന്വേഷണവും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. പ്രിൻസിപ്പൽ ഓഫീസിൽ ഉപരോധ സമരവും നടത്തി. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ, ഏരിയാ സെക്രട്ടറി എം ശ്രീധരൻ എന്നിവരുമെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു. ഡോക്ടറെ അന്വേഷണവിധേയമായി മാറ്റിനിർത്താനും കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്നും ഡിഎംഇയുടെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായും രേഖാമൂലം ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഹൃദയവാൽവ്‌ തകരാറിനെത്തുടർന്ന്‌ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇരിട്ടി വള്ളിത്തോട് സ്വദേശിനി മുണ്ടക്കത്തോടി ഫാത്തിമ (പാത്തുമ്മ –57)യാണ് ചൊവ്വാഴ്‌ച രാത്രിയോടെ മരിച്ചത്. ബൈപ്പാസ് സർജറിക്കായി രണ്ടിനാണ്‌ ഇവരെ ഹൃദയാലയത്തിൽ പ്രവേശിപ്പിച്ചത്‌. ചൊവ്വാഴ്‌ച ശസ്‌ത്രക്രിയചെയ്യാൻ തീരുമാനിച്ചു. അന്ന്‌ പരിശോധനയ്‌ക്കെത്തിയ മറ്റൊരു കാർഡിയാക് സർജൻ താക്കോൽദ്വാര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. രാവിലെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയ ഫാത്തിമയുടെ ശസ്‌ത്രക്രിയയിൽ പിഴവ് സംഭവിച്ചതായും സ്ഥിതി ഗുരുതരമാണെന്നും രാത്രി ഒന്പതരയോടെയാണ്‌ ബന്ധുക്കളെയറിയിച്ചത്‌. പതിനൊന്നോടെ മരിച്ചെന്നുമറിയിച്ചു. ശസ്ത്രക്രിയാപ്പിഴവുണ്ടായതിനെത്തുടർന്ന്‌ ബൈപ്പാസ് സർജറി നടത്തുന്നതിന്‌ ബന്ധുക്കളുടെ സമ്മതം ചോദിച്ചില്ലെന്നും സെക്യൂരിറ്റിക്കാരെ ഉപയോഗിച്ച് തങ്ങളെ ആട്ടിയോടിക്കാനാണ് ശ്രമിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ മെഡിക്കൽ സൂപ്രണ്ട്‌, പ്രിൻസിപ്പൽ തുടങ്ങിയവരെത്തി ചികിത്സാപ്പിഴവുണ്ടായെന്നും വിവരങ്ങള്‍ കൃത്യമായി പങ്കുവയ്‌ക്കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നും സമ്മതിച്ചു. ഭര്‍ത്താവ് മുണ്ടക്കത്തൊടി കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽത്തന്നെ ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ പ്രതിഷേധം തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് സമീപത്തുനിന്നും ആരംഭിച്ച മാർച്ച് പ്രിൻസിപ്പൽ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞെങ്കിലും അതിനെ മറികടന്ന് പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിലെത്തി ഉപരോധിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ അനുശ്രീ, ഷിബിൻ കാനായി, പി പി സിദിൻ, സി പി ഷിജു, എ സുധാജ്, പി ജിതിൻ, പി കെ പ്രജീഷ്, ടി വി പ്രണവ് രാജ്, കെ പി അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home