കനൽപ്പാതകൾ താണ്ടിയ ദേശം

കണ്ണൂർ കണ്ണൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എല്ലാകാലത്തും കനൽപ്പാതകൾ താണ്ടിയാണ് പൊരുതിമുന്നേറിയത്. ചോരയും കണ്ണീരും നിറഞ്ഞ വഴികളിലൂടെയുള്ള മഹാപ്രയാണമായിരുന്നു അത്. നാടറിയുന്ന മഹാരഥന്മാർ മുതൽ നാട്ടിലെ സാധാരണക്കാരായ അനുഭാവികൾവരെയുള്ളവർ പാർടിയുടെ സഹനത്തിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. പാർടി പ്രതിസന്ധി നേരിട്ടപ്പോഴോക്കെ അവരൊക്കെയും ചേർന്നാണ് ഉരുക്കുപോലുള്ള സംരക്ഷണകവചമൊരുക്കിയത്. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും പാടിക്കുന്നും തില്ലങ്കേരിയും മുനയൻകുന്നും കൂത്തുപറന്പുമെല്ലാം അത്തരം വീരേതിഹാസങ്ങൾ പറയുന്ന മണ്ണാണ്. സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും രാജ്യം പൊരുതിമുന്നേറുമ്പോൾ അതിനൊപ്പം എന്നും കണ്ണൂരുണ്ടായിരുന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അടരാടിയാണ് അനീതിക്കെതിരായ തീപ്പന്തമായി കണ്ണൂർ മാറിയത്. ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസുകാരും ആർഎസ്‌എസ്സുകാരും കമ്യൂണിസ്‌റ്റുകാരുടെ ജീവനെടുത്തതാണ് ചരിത്രം. സാമ്രാജ്യവാഴ്‌ചയ്‌ക്കും വർഗീയതയ്‌ക്കും അമിതാധികാരവാഴ്‌ചയ്‌ക്കുമെതിരായ പോരാട്ടത്തിൽ ജീവൻ നൽകേണ്ടിവന്ന എത്രയോ മനുഷ്യരുണ്ട്. ജീവച്ഛവമായി മാറേണ്ടി വന്നവർ അതിലും എത്രയോ ഇരട്ടി. ഫ്രഞ്ചുകാരിൽനിന്ന് മാഹിയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ ചെറുകല്ലായിക്കുന്നിൽ വെടിയേറ്റുമരിച്ച പി പി അനന്തനും എം അച്യുതനും കമ്യൂണിസ്‌റ്റുകാരായിരുന്നു. മൊയാരത്തിനെ ഓർമിക്കാതെ കണ്ണൂരിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രം പൂർണമാകില്ല. കോൺഗ്രസും പൊലീസും ചേർന്ന് അടിച്ചുകൊന്ന ചൊക്ലി നിടുന്പ്രത്തെ മൊയാരത്ത് ശങ്കരന്റെ ജീവത്യാഗത്തിൽ ചുവന്നതാണ് കണ്ണൂർ. സേലം ജയിൽ വെടിവയ്‌പ്പിൽ രക്തസാക്ഷികളായവരിൽ ഏറെയും കണ്ണൂരിലെ സഖാക്കളായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ഏറ്റവും കൂടുതൽ സഖാക്കളുടെ ജീവൻ പൊലിഞ്ഞ നാടാണ് കണ്ണൂർ– 173 പ്രിയ സഖാക്കൾ. തലശേരി കടപ്പുറത്ത് 1940 സെപ്‌തംബർ 15ന് ബ്രിട്ടീഷ് പൊലീസ് വെടിവച്ചുകൊന്ന അബുമാസ്‌റ്ററും ചാത്തുക്കുട്ടിയുമാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ് രക്തസാക്ഷികൾ. തൃശൂർ ചെട്ടിയങ്ങാടിത്തെരുവിൽ പ്രതിലോമ രാഷ്‌ട്രീയക്കാരുടെ കൊലക്കത്തിയിൽ നഷ്ടമായത് വിപ്ലവപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും മുന്നണി കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവനെ. യുവാക്കളുടെ സമരത്തിനുനേരെ കൂത്തുപറന്പിൽ നടത്തിയ വെടിവയ്‌പ്പിലാണ് രാജീവൻ, ബാബു, റോഷൻ, മധു, ഷിബുലാൽ എന്നിവരെയും മുപ്പതാണ്ടിനിപ്പുറം പുതുക്കുടി പുഷ്‌പനെയും നമുക്ക് നഷ്ടമായത്. ആദ്യ കലാലയ രക്തസാക്ഷി ബ്രണ്ണൻ കോളേജിലെ അഷറഫിന്റെ മണ്ണുകൂടിയാണിത്. വിപ്ലവ വിദ്യാർഥിപ്രസ്ഥാനത്തിന്റെ സമരനായകൻ കെ വി സുധീഷ് മുതൽ ധീരജുവരെയുള്ള അനേകം പോരാളികളെയാണ് നാടിന് നഷ്ടമായത്. ജില്ലയിൽ ബോംബ് രാഷ്‌ട്രീയത്തിന് കോൺഗ്രസ് തുടക്കമിട്ട പന്തക്കപ്പാറ ബീഡിക്കന്പനി ആക്രമണത്തിലാണ് ബീഡിത്തൊഴിലാളി കൊളങ്ങരേത്ത് രാഘവൻ രക്തസാക്ഷിയായത്. കമ്യൂണിസ്‌റ്റ് പാർടിയുടെ ചരിത്രത്തിൽ ഏറെ നിർണായകമായിരുന്നു മുംബൈയിൽ ചേർന്ന ഒന്നാം പാർടി കോൺഗ്രസ്. ധീരരായ കയ്യൂർ സഖാക്കളെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയതിനുപിന്നാലെയായിരുന്നു പാർടി കോൺഗ്രസ്. കയ്യൂർ രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചായിരുന്നു സമ്മേളനത്തുടക്കം. കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പുനായരുടെ സഹോദരൻ കേളുനായർ പ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിനിധികളാകെ റെഡ് സല്യൂട്ട്‌ചെയ്‌ത് ധീരരായ കയ്യൂർ രക്തസാക്ഷികളെ അഭിവാദ്യംചെയ്‌തു. ‘രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നത് കമ്യൂണിസ്‌റ്റുകാർക്ക് വെറുമൊരു മുദ്രാവാക്യമല്ല. മുനയൻകുന്നും കാവുന്പായിയും കയ്യുരും പാടിക്കുന്നുമെല്ലാം കേവലം സ്ഥലനാമങ്ങളുമല്ല. അവരുടെ ഹൃദയച്ചുവപ്പിന്റെ മുദ്രകളാണത്.









0 comments