ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, വിധി വ്യാഴാഴ്ച

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌സർജൻ വന്ദന ദാസിനെ (25) കുത്തിക്കൊന്ന കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും.
കൊലപാതകം(ഐപിസി 302), വധശ്രമം(ഐപിസി 307), ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുപ്രവർത്തകനെ മാരകമായി പരിക്കേൽപ്പിക്കുക(ഐപിസി 333), മാരാകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക(ഐപിസി 324), അന്യായമായി തടഞ്ഞുവയ്ക്കുക(ഐപിസി 341), സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക ജോലി തടസപ്പെടുത്തുന്നതിനായി അക്രമിക്കുക(ഐപിസി 353), തെളിവ് നശിപ്പിക്കൽ (ഐപിസി 201), വധഭീഷണി മുഴക്കൽ (ഐപിസി 506(2)), പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പരിക്കേൽപ്പിക്കുക(ഐപിസി 332), ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2023 മേയ് 10ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓടനാവട്ടം സ്വദേശി ശ്രീനിലയത്തിൽ ജി സന്ദീപിനെ (42) വൈദ്യപരിശോധനയ്‌ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചതായിരുന്നു . പ്രതിയെ പരിശോധിച്ചിരുന്ന ഡോ. വന്ദനയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമാസക്തനായ സന്ദീപ് കൂടെയുണ്ടായിരുന്ന ബന്ധു രാജേന്ദ്രൻപിള്ള, ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേ ബി മോഹൻ, മണിലാൽ, അലക്സ് എന്നിവരെയും ആക്രമിച്ചു.
വ്യവസായി കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർഥിയായിരുന്നു.
കേസിൽ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമർപ്പിച്ചു. സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പടെ കേസിൽ 136 സാക്ഷികളുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ, ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജഷാജി എന്നിവർ ഹാജരായി.










0 comments