print edition വന്ദനദാസ് കൊലക്കേസ്: ശിക്ഷയിൽ ശക്തമായ വാദപ്രതിവാദം

സ്വന്തം ലേഖിക
Published on Mar 20, 2026, 01:25 AM | 2 min read
കൊല്ലം: വന്ദന വധക്കേസിൽ പ്രതിക്ക് നൽകേണ്ട ശിക്ഷയിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ നടന്നത് ശക്തമായ വാദപ്രതിവാദം. പ്രതിക്ക് ശിക്ഷ ഇളവ് നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും നിയമവ്യവസ്ഥയോട് ജനങ്ങൾക്കുള്ള മതിപ്പ് നഷ്ടപ്പെടാനിടയാക്കുമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ വാദിച്ചു. കൊല്ലപ്പെട്ട വന്ദന ദാസ്, പ്രതിക്കൊപ്പം എത്തിയ പൊലീസുകാർ, പ്രതിയുടെ ബന്ധു, അയൽവാസി എന്നിവർ സന്ദീപിനെ സഹായിക്കാൻ എത്തിയവരായിരുന്നു.
സഹായിക്കാൻ എത്തിയവരെ ആക്രമിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ പ്രവൃത്തിയാണ്. സേവനനിരതയായിരുന്ന ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. ശരീരമാസകലം 23 തവണ കുത്തിയത് പ്രതിയുടെ അതിക്രൂര മാനസികാവസ്ഥയാണ് വെളിവാക്കുന്നത്. കൊലചെയ്യാൻ തെരഞ്ഞെടുത്ത സ്ഥലം ഒരു ആതുരാലയമാണെന്നതും കൊലചെയ്യപ്പെട്ടത് നിസഹായയായ ഒരു പെൺകുട്ടിയാണെന്നുള്ളതും കേസിന്റെ അപൂർവത വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
എന്നാൽ, ഡോക്ടറെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതി വന്നതെന്നും മാനസിക വിഭ്രാന്തിയിൽ ചെയ്‌തതാണെന്നും സംഭവത്തിനു തലേ ദിവസം മുതൽ സന്ദീപിന് മാനസിക നിലതെറ്റിയ അവസ്ഥയിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
ഇൗ സാഹചര്യത്തിൽ കേസ് അപൂർവങ്ങളിൽ അപൂർവമാണോയെന്ന് പരിശോധിക്കണമെന്ന് വിവിധ സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ള വാദിച്ചു. ഇതിനിടെ പലതവണ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏറ്റുമുട്ടി. മാനസിക വിഭ്രാന്തി വിഷയത്തിൽ കോടതി നേരത്തെ തീരുമാനമെടുത്തതിനാൽ ഇനി ഉന്നയിക്കേണ്ടതില്ലെന്നും ഇത്തരത്തിൽ നിയമത്തിന്റെ ദയാവായ്‌പിനു പ്രതി അർഹനല്ലെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി ജഡ്ജ് പി എൻ വിനോദ് കേസിൽ ശനിയാഴ്ച ശിക്ഷ വി ധിക്കും.
പശ്ചാത്താപമുണ്ട്, താൻ മാത്രം ആശ്രയം
ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിക്കൂട്ടിൽനിന്ന് അരികിലേക്ക് വിളിപ്പിച്ചാണ് ശിക്ഷയെക്കുറിച്ച് പ്രതി ജി സന്ദീപിനോട് ജഡ്‌ജി പി എൻ വിനോദ് ആരാഞ്ഞത്. സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പറഞ്ഞു. സ്‌കൂൾ അധ്യാപകനാണ്, പഠിപ്പിച്ച പല കുട്ടികളും ഡോ. വന്ദന ദാസിന്റെ പ്രായമുള്ളവരാണ്. രോഗികളും പ്രായമായവരുമായ അച്ഛനമ്മമാര്‍ക്ക് താൻ മാത്രമാണ് ആശ്രയമെന്നും അതിനാൽ കനിവുണ്ടാകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
പൊട്ടിക്കരഞ്ഞ് വന്ദനയുടെ അമ്മ
ശിക്ഷാവിധിയെക്കുറിച്ചുള്ള വാദത്തിനിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വന്ദനയുടെ അമ്മ വസന്തകുമാരി. കൊല്ലപ്പെടുന്ന നിമിഷംവരെ മറ്റുള്ളവർക്കുവേണ്ടി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. വന്ദനയെ പ്രതി സന്ദീപ് തല മുതൽ കാൽവരെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ക്രൂരത സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിവരിച്ചപ്പോഴാണ് വന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞത്.
പ്രതിയുടെ ശരീരത്തിലെ മുറിവുകൾ പരിശോധിക്കുന്നതിനിടെ വന്ദനയെ ബലമായി പിടിച്ചു വലിച്ചുകൊണ്ടുപോയി ശരീരമാകെ ഇരുപത്തിമൂന്നു തവണ കുത്തിയപ്പോൾ വേദനകൊണ്ട് പിടഞ്ഞ് അലറിക്കരഞ്ഞതായും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി തുടങ്ങിയതു മുതൽ സങ്കടം കടിച്ചമർത്തി നിന്ന വസന്തകുമാരിയുടെ പൊട്ടിക്കരച്ചിൽ കോടതി ഹാളിൽ കൂടിനിന്നവരെയും സങ്കടത്തിലാഴ്‌ത്തി. പ്രതിക്ക് ഇളവ് നൽകരുതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രതിയുടെ അമ്മയും കരഞ്ഞു.










0 comments