print edition ഡോ. വന്ദനദാസ് കൊലക്കേസ്; അപൂർവങ്ങളിൽ അപൂർവമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: പുലർച്ചെ തന്റെ മുമ്പിൽ വന്ന രോഗിയെ പരിശോധിക്കാൻ എത്തിയ ഡോക്ടറെ രോഗി കൊലപ്പെടുത്തിയ അത്യപൂർവ കേസാണിതെന്ന് പ്രോസിക്യൂഷൻ. കുറ്റം നടത്താൻ പ്രതി തെരഞ്ഞെടുത്ത വേദി രോഗികളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയാണെന്നതും അപൂർവങ്ങളിൽ അപൂർവം. പരിശോധിച്ച ഡോക്ടറെ ആശുപത്രിയിൽ രോഗി കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരള പൊലീസ് അന്വേഷണ ചരിത്രത്തിൽ ആദ്യത്തേത്. തൊണ്ണൂറു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ ഡോക്ടർമാർ സാക്ഷിയായ കേസും ഡോ. വന്ദനദാസ് കൊലക്കേസിൽ. വൈദ്യശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കൃത്യത്തിന്റെ തൊട്ടുമുന്പ് പ്രതി സ്വന്തം മൊബൈൽ കാമറയിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കി.
പരമാവധി ശിക്ഷ നൽകണം
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുള്ളത്. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് തുടക്കത്തിൽ ലോക്കൽ പൊലീസായിരുന്നു അന്വേഷിച്ചത്. പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് ചുമതല ഏറ്റെടുത്തതോടെ അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു.
പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതിൽ സന്തോഷം
പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് വന്ദനയുടെ അച്ഛനമ്മമാരായ മോഹൻദാസും വസന്തകുമാരിയും പ്രതികരിച്ചു. ഇരുവരും രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു. സന്ദീപിന് പരമാവധി ശിക്ഷ കിട്ടണമെന്നും പ്രോസിക്യൂഷൻ നന്നായി വാദിച്ചെന്നും വിധി എന്തുതന്നെയായാലും തങ്ങളുടെ നഷ്ടം ഒരിക്കലും തിരികെ കിട്ടില്ലെന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മോഹൻദാസും വസന്തകുമാരിയും പറഞ്ഞു.
വന്ദനദാസിന്റെ പിടലിക്കും തലയ്‌ക്കും പുറത്തും കുത്തി
ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപിന്റെ കുത്തേറ്റ് മെയ് 10നു പുലർച്ചെ 4.30നായിരുന്നു ഹൗസ് സർജൻ വന്ദനദാസ് (24) കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ്കുട്ടി, സന്ദീപിന്റെ അയൽവാസിയും സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിനു എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. നെടുമ്പന യുപി സ്കൂൾ അധ്യാപകനായ എസ് സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.
സന്ദീപ് സ്ഥിരം മദ്യപാനി
സ്ഥിരമായി മദ്യപിക്കുമായിരുന്ന സന്ദീപ് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. സംഭവദിവസം രാത്രി ഇയാൾ പ്രദേശവാസികളുമായി വഴക്കുണ്ടാക്കി. തന്നെ ആരോ വധിക്കാൻ ശ്രമിക്കുന്നതായി രാത്രി ഒന്നിന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു.പൂയപ്പള്ളി പൊലീസ് പുറപ്പെട്ടെങ്കിലും സന്ദീപിന്റെ ഫോൺ ഓഫ് ആയതിനാൽ കണ്ടെത്താനായില്ല. പുലർച്ചെ നാലിന് വീണ്ടും സന്ദീപ് കൺട്രോള്‍ റൂമിൽ ബന്ധപ്പെട്ടു. തുടര്‍ന്ന് ഗ്രേഡ് എസ്ഐ ബേബി മോഹനും അലക്സ്കുട്ടിയും സ്ഥലത്തെത്തി. സന്ദീപിനു കാലിനു പരിക്കേറ്റതിനാൽ സന്ദീപിന്റെ ബന്ധു രാജേന്ദ്രൻപിള്ളയെയും ബിനുവിനെയും കൂട്ടിയാണ് പൊലീസ് ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജന്മാരായ വന്ദനയും ഷിബിനും ഇയാളെ പരിശോധിച്ചു.
മുറിവ് വൃത്തിയാക്കാനായി ഡ്രസിങ് റൂമിലേക്ക് അയച്ചു. എക്സ്റേ എടുക്കാനും നിർദേശിച്ചു. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടൻ സന്ദീപ് പ്രകോപിതനായി രാജേന്ദ്രൻപിള്ളയെ ചവിട്ടി താഴെയിട്ടശേഷം ഡ്രസിങ് റൂമിലുണ്ടായിരുന്ന കത്രികയെടുത്ത് ബിനുവിനെ കുത്തി. തടയാനെത്തിയ അലക്സ്കുട്ടിയുടെ തലയ്ക്ക് തുടർച്ചയായി കുത്തി. ബേബി മോഹനെയും ആക്രമിക്കാന്‍ ശ്രമിച്ചു.
ആക്രമണത്തിൽ സ്തംഭിച്ചുനിന്ന വന്ദനദാസിനെ സന്ദീപ് ഒബ്സർവേഷൻ റൂമിൽവച്ച് പിടലിക്കും തലയ്ക്കും തുടർച്ചയായി കുത്തി. നിലത്തുവീണപ്പോള്‍ തറയിലിട്ടും കുത്തി. പുറത്തുമാത്രം ആറ് കുത്തേറ്റു. ഷിബിൻ ഓടിയെത്തി ഇയാളെ തള്ളി മാറ്റി. കൊട്ടാരക്കര സ്റ്റേഷനിൽനിന്ന് എത്തിയ പൊലീസുകാരും ആശുപത്രി ജീവനക്കാരും പ്രതിയെ കീഴ്പ്പെടുത്തി.
കേസ് നാൾവഴി
2023 മെയ് 10: ഡോ. വന്ദനദാസ് കൊല്ലപ്പെടുന്നു
മെയ് 12: പ്രത്യേക അന്വേഷകസംഘം കേസ് ഏറ്റെടുക്കുന്നു
ആഗസ്‌ത് 1 : കുറ്റപത്രം സമർപ്പിച്ചു
ആഗസ്‌ത് 7: പ്രതിയെ കമ്മിറ്റൽ പ്രൊസീഡിങ്സിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര മജിസ്ട്രേട്ട് ഉത്തരവിട്ടു.
സെപ്‌തംബർ 19: കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക്
മാർച്ച് 21: ഡോ. വന്ദനദാസിന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു
മെയ് 29: ഇരുകൂട്ടരുടെയും വാദംകേട്ട കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി
ജൂലൈ 17: കുറ്റപത്രം ചുമത്തിയതിനെതിരെ പ്രതി സുപ്രീംകോടതിയിൽ
സെപ്‌തംബർ 9: സാക്ഷിവിസ്താരം ഒക്ടോബർ 17മുതൽ നവംബർ 1വരെ നടത്താൻ കോടതി
ഡിസംബർ 16: പ്രതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.
ഡിസംബർ 30: സാക്ഷിവിസ്താരം 2025 ഫെബ്രുവരി12 മുതൽ മാർച്ച് 5വരെ നടത്താൻ കോടതി ഉത്തരവിട്ടു.
2025 ഫെബ്രുവരി 12: ഒന്നാം സാക്ഷി ഡോ. ഷിബിനെ വിസ്തരിക്കുന്നു
മെയ് 9: പ്രതിഭാഗം അഭിഭാഷകരുടെ മരണം മൂലം വിചാരണ തടസ്സപ്പെടുന്നു.
ആഗസ്‌ത് 13: മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് സാക്ഷി വിസ്താരം പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി 6: പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകുന്നു.
ഫെബ്രുവരി 28: പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയാകുന്നു. മാർച്ച് 2: കേസിന്റെ അന്തിമവാദം ആരംഭിക്കുന്നു.
മാർച്ച് 7: കേസിന്റെ വാദം പൂർത്തിയാകുന്നു.
മാർച്ച് 17: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി










0 comments