print edition സിഎം റിസർച്ച് സ്‌കോളർഷിപ് ഉദ്‌ഘാടനം; സാമ്പത്തിക ബുദ്ധിമുട്ടിൽ പഠനം മുടങ്ങരുത്: മന്ത്രി

ഗവേഷകർക്കുള്ള സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു നൽകി ‘സിഎം റിസർച്ച് സ്‌കോളർഷിപ് പദ്ധതി' മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടിന്റെപേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർബന്ധമെന്ന് മന്ത്രി ആർ ബിന്ദു. ഗവ. വനിതാ കോളേജിൽ "സിഎം റിസർച്ച് സ്‌കോളർഷിപ് പദ്ധതി' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 143 ഗവേഷകർക്കുള്ള സ്‌കോളർഷിപ് ആദ്യ ഗഡു മന്ത്രി വിതരണം ചെയ്തു.
മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സർവകലാശാലകളിലെയോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയോ ഗവേഷണ വിദ്യാർഥികൾക്ക് മാസം 10,000 രൂപ നിരക്കിൽ മൂന്നു വർഷം വരെ നൽകുന്ന പദ്ധതിയാണിത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതോടെ മേഖലയിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്താനായി. നാലുവർഷത്തിനിടെ 6000 കോടി രൂപയാണ് ഈ മേഖലയിൽ സർക്കാർ വിന്യസിച്ചത്. പഠനകാലത്തുതന്നെ ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025 ജനുവരി സെഷനിൽ പ്രവേശനം നേടിയ ഗവേഷക വിദ്യാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. അടുത്ത വർഷങ്ങളിൽ അർഹരായ വിദ്യാർഥികളെക്കൂടി പരിഗണിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സംഗീത കോളേജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളെക്കുറിച്ചും കരിക്കുലം, സിലബസ് എന്നിവയുടെ പരിഷ്‌കരണത്തെക്കുറിച്ചും തയ്യാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ ഓമനക്കുട്ടി മന്ത്രിക്ക് കൈമാറി.
ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, കൗൺസിലർ രാഖി രവികുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജെ സുനിൽ ജോൺ, ഡെപ്യൂട്ടി ഡയറക്ടർ വി എസ് ജോയ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഉമ ജ്യോതി എന്നിവർ സംസാരിച്ചു.










0 comments