സ്ത്രീധന പീഡനത്തിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്

ലൈലാ ബീവി (ഇടത്) അജു എന്ന അരുൺ (വലത്) (Photo: Screengrab)
പറവൂർ: സ്‌ത്രീധന പീഡനം മൂലം യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും. കളമശ്ശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് യുസി കോളേജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാംപ്രതി അജുവിന്റെ മാതാവ് ലൈലാ ബീവി (72) എന്നിവരെയാണ് കഠിനതടവിന് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ പിതാവുമായ അബ്ദുൽ റഹിമാനെ കുറ്റക്കാരനല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടു.
അജുവിന് എട്ട് വർഷവും, ലൈലാ ബീവിക്ക് രണ്ട് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. 2018 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. 2014-ലാണ് അജുവും സുനിതയും വിവാഹിതരായത്. 101 പവൻ സ്വർണാഭരണങ്ങൾ നൽകിയായിരുന്നു വിവാഹം. എന്നാൽ അത് പോരെന്നും സ്വർണവും പണവും കൂടുതൽ വേണമെന്നും ആവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മകളുടെ ദുരിതം കണ്ട് സുനിതയുടെ മാതാപിതാക്കൾ കളമശ്ശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്ക് എഴുതി നൽകി.
എന്നിട്ടും തൃപ്തരാകാതെ കുടുംബം പീഡനം തുടരുകയും അത് താങ്ങാൻ കഴിയാതെ സുനിത ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ 29 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കളമശ്ശേരി പൊലീസും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം ക്രൈംബ്രാഞ്ചിന് പിന്നീട് കൈമാറി.










0 comments