പിണറായിയെ നല്ലത് പറഞ്ഞാൽ ആക്ഷേപം; മോദിയെ സ്തുതിച്ചാൽ കയ്യടി

എൻ കെ പ്രേമചന്ദ്രന്‍, ശശി തരൂര്‍, മണിശങ്കർ അയ്യർ
തിരുവനന്തപുരം: കേരളവികസനത്തിൽ സമാനതകളില്ലാത്ത പങ്കുവഹിക്കുന്ന എൽഡിഎഫ് സർക്കാർ അഭിനന്ദിച്ച മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർക്കെതിരെ കടുത്ത സൈബർ ആക്രമണം. കെപിസിസി വക്താവ് ജിന്റോ ജോൺ 'അലവലാതി' എന്നാണ് മണിശങ്കർ അയ്യരെ ആക്ഷേപിച്ചത്. പിന്നാലെ കോൺഗ്രസ് ഐടി സെല്ലിന്റെ നേതൃത്വത്തിൽ വിവിധ സോഷ്യൽമീഡിയ പേജുകളിലൂടെ മുതിർന്ന നേതാവിനെതിരെ അധിക്ഷേപം വ്യാപകമായി.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കവെയാണ് എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മണിശങ്കർ അയ്യർ അഭിനന്ദിച്ചത്. ഗാന്ധിയൻ ദർശനം ഫലപ്രദമായി നടപ്പാക്കിയത് മാർക്‌സിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള കേരളമാണെന്നും, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവിനെതിരെ കോൺഗ്രസ് നേതാക്കൾ ആക്ഷേപം ചൊരിഞ്ഞത്. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് ഭാഗ്യം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.
എന്നാൽ, ബിജെപിയെയും നരേന്ദ്രമോദിയെയും പ്രശംസിക്കുന്ന യുഡിഎഫ് നേതാക്കൾക്കെതിരെ കോൺഗ്രസ് പുലർത്തുന്ന നിശബ്ദതയും ചർച്ചയാകുന്നുണ്ട്. നിരന്തരമായി മോദി സ്തുതി നടത്തുന്നവരാണ് യുഡിഎഫ് എംപിമാരായ എൻ കെ പ്രേമചന്ദ്രനും ശശി തരൂരും. ഇവർക്കെതിരെ ഒരക്ഷരം പോലും പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. എംപിമാരുടെ മോദിസ്തുതിയെക്കുറിച്ച് ചോദ്യംവരുമ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്.










0 comments