ad
Deshabhimani

റോയൽ വ്യൂ ഡബിൾ ഡെക്കർ, മെയ്‌ഡ്‌ ഇൻ പാപ്പനംകോട്‌

doble decker bus

കെഎസ്‌ആർടിസി പാപ്പനംകോട്‌ സെൻട്രൽ വർക്‌ഷോപ്പിലെ തൊഴിലാളികൾ നിർമിച്ച മൂന്നാറിലേക്കുള്ള രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ്‌

വെബ് ഡെസ്ക്

Published on Jan 02, 2026, 05:52 PM | 1 min read

തിരുവനന്തപുരം: മൂന്നാറിൽ സഞ്ചാരികളെ ത്രില്ലടിപ്പിച്ച്‌ കെഎസ്‌ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ്‌ മുന്നേറുമ്പോൾ അഭിമാനത്തിൽ പാപ്പനംകോട്‌ സെൻട്രൽ വർക്‌സിലെ തൊഴിലാളികളും. 30 തൊഴിലാളികളാണ്‌ ബസ്‌ മനോഹരമായി രൂപകൽപ്പന ചെയ്‌തത്‌. ആശയം ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പങ്കുവച്ചപ്പോൾ പെയിന്റർ മഹേഷ്‌ ഡിസൈൻ തയ്യാറാക്കി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ഗ്ലാസ്‌ മാത്രമാണ്‌ പുറത്തുനിന്ന്‌ എത്തിച്ചത്‌. ഒമ്പതുമാസംമുമ്പ് ആദ്യ റോയൽ റിവ്യൂ മൂന്നാറിലേക്കെത്തി. ഹിറ്റായതിനു പിന്നാലെയാണ്‌ രണ്ടാമത്തെ ബസും നിർമിച്ചത്‌. ഇത്‌ വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു.


മൂന്നാറിൽ ഡബിൾ ഡെക്കർ അനുയോജ്യമല്ലെന്നും അപകടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നിരുന്നതായി തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. പക്ഷേ, റോയൽ വ്യൂ ചരിത്രമായി. ടിക്കറ്റിനായി ആളുകൾ തിരക്കുകൂട്ടുന്നു. ആദ്യത്തെ ബസിന്റെ നിറം മെറ്റാലിക്‌ ബ്ലൂ ആയിരുന്നു. രണ്ടാമത്തേതിന് ആകാശനീല നൽകി. കാഴ്‌ച കാണാനുള്ള സ‍ൗകര്യത്തിനായി കുറഞ്ഞ വേഗത്തിലാണ്‌ സഞ്ചരിക്കുക.


മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ് റോഡ്, ആനയിറങ്കൽ എന്നിവിടങ്ങളിൽ പോയി തിരികെ ഡിപ്പോയിലെത്തും. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകൾ. പുതിയ ബസിന്റെ സീറ്റുകൾ കൂടുതൽ യാത്രാസുഖം പകരും. ബസ്‌ കഴിഞ്ഞദിവസം ആനയറ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌ മന്ത്രി കെ ബി ഗണേഷ്‌കുമാറാണ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌. തിരിച്ച്‌ പാപ്പനംകോട്‌ സെൻട്രൽ വർക്‌ഷോപ്പിലേക്കുള്ള യാത്ര തൊഴിലാളികൾ പാട്ടുകൾ പാടിയും നൃത്തം ചെയ്‌തും ആഘോഷമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home