സിനിമയെ വെല്ലുന്ന രംഗങ്ങൾ; ബ്ലേഡും സ്ട്രോയുമുപയോഗിച്ച് നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ: ഡോക്ടർമാർക്ക് അഭിനന്ദനപ്രവാഹം

എഐ പ്രതീകാത്മകചിത്രം
കൊച്ചി : സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഞായർ രാത്രി എറണാകുളം ഉദയംപേരൂർ വലിയംകുളത്തുണ്ടായത്. നടുറോഡിൽ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് മൂന്ന് ഡോക്ടർമാർ നടത്തിയ അടിയന്തര ഇടപെടലിലൂടെ രക്ഷിക്കാനായത് വിലപ്പെട്ട ഒരു ജീവൻ. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസതടസമുണ്ടായ കൊല്ലം സ്വദേശിയെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ തോമസ് എന്നിവർ അടിയന്തര ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഞായർ രാത്രിയാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഡോ. തോമസ് പീറ്ററും ഡോ. ദിദിയയും അപകടം കാണുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില അതിഗുരുതരമായിരുന്നില്ല. കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവഗുരുതരമായിരുന്നു. ഈ യുവാവിനെ മറ്റൊരാൾ പരിശോധിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനൂപ് ആണെന്ന് മനസിലാക്കുന്നത്. ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസ തടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജിക്കൽ ക്രിക്കോതൈറോട്ടമി' എന്ന അടിയന്തര ചികിത്സ റോഡിൽവച്ചുതന്നെ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, ഡോ. ബി മനൂപ്
നാട്ടുകാർ നൽകിയ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചായിരുന്നു സർജറി. കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ശ്വാസ നാളത്തിലേക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസഗതി സാധാരണ അവസ്ഥയിലെത്തിച്ചു. പിന്നീട് ഉടൻ തന്ന ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുംവരെ ആംബുലൻസിൽ ഡോ. മനൂപ് സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു. ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ പുറത്തുവന്നതോടെ അഭിനന്ദന പ്രവാഹമാണെത്തുന്നത്. മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്ത ഡോക്ടർമാരെ ഐഎംഎ അഭിനന്ദിച്ചു. നോബഡി, മെർസർ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുമായാണ് പലരും സംഭവത്തെ താരതമ്യം ചെയ്യുന്നത്.
സർജിക്കൽ ക്രിക്കോതൈറോട്ടമി (Surgical Cricothyrotomy)
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള അടിയന്തര സാഹചര്യങ്ങളിൽ, കഴുത്തിലെ ക്രിക്കോയിഡ് തരുണാസ്ഥിക്കും തൈറോയ്ഡ് തരുണാസ്ഥിക്കും ഇടയിലുള്ള നേരിയ ചർമത്തിലൂടെ ശ്വാസനാളം തുറക്കുന്ന ഒരു അടിയന്തര ശസ്ത്രക്രിയാ രീതിയാണ് സർജിക്കൽ ക്രിക്കോതൈറോട്ടമി. പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളാണ് ഇത് ചെയ്യുന്നത്. മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലൂടെയോ ശ്വാസഗതി പുനസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ( ട്രാക്കിയോടോമി -Tracheostomy) ഓക്സിജൻ നൽകാനാണ് ഇത് ഉപയോഗിക്കുന്നത്.
മുഖത്തിന് ഗുരുതരമായ പരിക്കുകളെത്തുടർന്നും മണ്ണ്, രക്തം, അല്ലെങ്കിൽ മറ്റ് പാനീയങ്ങളോ പദാർഥങ്ങളോ കുടുങ്ങി മൂക്കിലൂടെയോ വായിലൂടെയോ ശ്വാസമെടുക്കാൻ പറ്റാതെ ശ്വാസനാളം പൂർണമായി തടസപ്പെടുന്ന അവസരങ്ങളിലാണ് ക്രിക്കോതൈറോട്ടമി ചെയ്യുന്നത്. സാധാരണ ട്രക്കിയോട്ടോമി വഴി ശ്വാസഗതി പുനസ്ഥാപിക്കാൻ പറ്റാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ക്രിക്കോതൈറോട്ടമി ചെയ്യുന്നത്. കഴുത്തിൽ ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഭാഗത്തിന് തൊട്ടുതാഴെയായി തൈറോയ്ഡ് കാർറ്റിലേജിനും (Thyroid cartilage) ക്രിക്കോയിഡ് കാർറ്റിലേജിനും (Cricoid cartilage) ഇടയിലുള്ള ഭാഗത്ത് മുറിവ് ഉണ്ടാക്കി ക്രിക്കോതൈറോയ്ഡ് മെംബ്രേയ്ൻ (cricothyroid membrane) തുറക്കുന്നു. തുടർന്ന് അതിലൂടെ ഒരു ട്യൂബ് (Endotracheal tube അല്ലെങ്കിൽ Tracheostomy tube) തിരുകി വെൻ്റിലേറ്ററുമായി ബന്ധിപ്പിച്ചോ അല്ലെങ്കിൽ ബാഗ്-വാൽവ് (Bag-valve) ഉപയോഗിച്ചോ ഓക്സിജൻ നൽകുന്നു. ആശുപത്രിയിലല്ലാത്ത അടിയന്തര സാഹചര്യങ്ങളിൽ ചർമ്മത്തിലെ മുറിവിലൂടെ സ്ട്രോ കയറ്റി വായു നൽകുന്നു.
സിനിമകളിൽ
ഡോക്ടർമാരുടെ അടിയന്തര പ്രതികരണം പുറത്തുവന്നതോടെ ചർച്ചയാകുന്നത് സിനിമകളിലെയും സീരീസുകളിലെയും പ്രസ്തുത രംഗങ്ങൾ. ബോബ് ഒഡെൻക്രിക്, ക്രിസ്റ്റഫർ ലോയ്ഡ് എന്നിവർ അഭിനയിച്ച് 2021ൽ പുറത്തിറങ്ങിയ അമേരിക്കൻ ത്രില്ലർ ചിത്രം നോബഡി (Nobody)യാണ് കൂട്ടത്തിലൊന്ന്. ചിത്രത്തിലെ ഒരു ഫൈറ്റ് സീനിൽ ക്രിക്കോതൈറോട്ടമി കാണാം. 2017ൽ ആറ്റ്ലിയുടെ സംവിധാനത്തിൽ തമിഴ് സൂപ്പർതാരം വിജയ് അഭിനയിച്ച് പുറത്തിറങ്ങിയ മെർസൽ എന്ന ചിത്രത്തിലും സമാനമായ രംഗമുണ്ട്. എയർപോർട്ടിൽ വച്ച് ശ്വാസതടസമുണ്ടാകുന്ന വനിതയ്ക്ക് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ ഉപയോഗിച്ച് ശ്വാസം നൽകുന്ന രംഗം ഇപ്പോൾ വീണ്ടും ചർച്ചയായി. ബാറ്റ്മാൻ കോമിക്കുകളിൽ ബാറ്റ്മാൻ പല സന്ദർഭങ്ങളിലും ക്രിക്കോതൈറോട്ടമി നടത്തുന്നതായി കാണാം. 1997ൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വഞ്ചർ ചിത്രം അനാക്കോണ്ടയിൽ കടന്നലിന്റെ കുത്തേറ്റ് ശ്വാസതടസമുണ്ടായ വ്യക്തിയെ രക്ഷിക്കാനായി ക്രിക്കോതൈറോട്ടമി നടത്തുന്നുണ്ട്. ഹൗസ് (1977), ബാഡ് ടൈമിങ് (1980), നാൻസി ഡ്രൂ (2007), സോ വീ (2008), ദ ഹീറ്റ് (2013) തുടങ്ങിയ സിനിമകളിലും ഗ്രേയ്സ് അനാട്ടമി (Grey's Anatomy- 2005), ദ ഗുഡ് ഡോക്ടർ (The Good Doctor- 2017) തുടങ്ങിയ സീരീസുകളിലും ക്രിക്കോതൈറോട്ടമിയും സമാനമായ രംഗങ്ങളും കാണാം.








0 comments