print edition ദീപാവലി: ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം

എഐ നിര്‍മിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ശുചിത്വമിഷൻ നിർദേശം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്‌ട്രോകൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കപ്പുകൾ തുടങ്ങിയവ ഒഴിവാക്കണം. സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിട്ടുണ്ട്.
ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല. രാത്രി എട്ടുമുതൽ പത്തുവരെയുള്ള രണ്ടു മണിക്കൂർ സമയത്താണ് പടക്കങ്ങൾ ഉപയോഗിക്കേണ്ടത്.
പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിന്റെ അളവ് കുറഞ്ഞവയാണ് ഹരിതപടക്കങ്ങൾ. ഇവ സാധാരണ പടക്കങ്ങളുടെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തിയും രാസവസ്തുക്കളുടെ അളവ് കുറച്ചും പുക, വാതകങ്ങൾ എന്നിവയുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനായുള്ള ചേരുവകൾ കൂട്ടിച്ചേർത്തും നിർമിച്ചവയാണ്. ഇതിലൂടെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിപടലങ്ങളുടെ അളവ് 30 ശതമാനംവരെ കുറയ്ക്കാനാകും. പടക്കങ്ങൾ ഉപയോഗിക്കുന്നത് പരിസര ശുചീകരണം പരമാവധി ഉറപ്പാക്കി ആകണമെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് നിർദേശിച്ചു.









0 comments