ad
Deshabhimani

കാലവർഷ മുന്നൊരുക്കം; ഉന്നതതല മന്ത്രിതല യോഗം ഇന്ന്

Rain Cycle Photo Jishnu Ponnappan
വെബ് ഡെസ്ക്

Published on May 27, 2026, 10:45 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി ദുരന്തനിവാരണ - പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള സുപ്രധാന മന്ത്രിതല യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.


യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർക്കൊപ്പം എല്ലാ ജില്ലാ കളക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള അടിയന്തര മുന്നൊരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ആവശ്യമായ തുക ഇതിനോടകം തന്നെ സർക്കാർ കൈമാറിയിട്ടുണ്ട്.


നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ നടന്നുപോകുന്ന ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ എവിടെ വരെയായി എന്നും, വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ എന്തൊക്കെയാണെന്നും യോഗം വിശദമായി വിലയിരുത്തും.


ഇത്തവണ സംസ്ഥാനത്ത് കാലവർഷം താരതമ്യേന ദുർബലമായിരിക്കുമെന്നാണ് പ്രാരംഭ വിലയിരുത്തലെങ്കിലും കനത്ത ജാഗ്രത പുലർത്താനാണ് സർക്കാർ തീരുമാനം. മഴ കുറയുന്ന സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഇറിഗേഷൻ (ജലസേചന) വകുപ്പ് മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും.


മധ്യവേനലവധിക്കു ശേഷം ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും പാഠപുസ്തക വിതരണവും യോഗം വിലയിരുത്തും. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഔദ്യോഗികമായി ഒരിടത്തും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.


എങ്കിലും കേരളത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം അല്ലെങ്കിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.


കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള - ലക്ഷ്വദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home