ad
Deshabhimani

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Director Ranjith Arrest
വെബ് ഡെസ്ക്

Published on Apr 10, 2026, 07:18 AM | 1 min read

കൊച്ചി: സിനിമാ ലൊക്കേഷനിൽ വെച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നുമാണ് രഞ്ജിത്തിന്റെ വാദം.


എന്നാൽ, അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രഞ്ജിത്തിനെ ലൊക്കേഷനിലും കാരവനിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.


നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. വോട്ട് ചെയ്യാനുള്ള മൗലികാവകാശം വിനിയോഗിക്കണമെന്നും മോശം ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.


രഞ്ജിത്ത് മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും അന്ന് സാഹചര്യങ്ങൾ അനുകൂലമായതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.


ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ഉയർന്നുവന്ന പരാതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് രഞ്ജിത്തിനെതിരെയുള്ള ഈ കേസ് വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home