സ്‌മാർട്ടാണ്‌ അബ്ദുള്ള മ‍ൗലവി ബാഖവി ;
 ഇപ്പോൾ കേരളത്തിന്റെ സ്റ്റാറും

digi keralam project

എം എ അബ്ദുള്ള മൗലവി ബാഖവി 
മക്കളോടും ചെറുമക്കളോടുമൊപ്പം 
ഫോണിൽ വാർത്ത കാണുന്നു

വെബ് ഡെസ്ക്

Published on Aug 18, 2025, 03:44 AM | 1 min read


പെരുമ്പാവൂർ

അടുപ്പമുള്ളവരോട്‌ സംസാരിക്കാൻമാത്രമാണ്‌ അബ്ദുള്ള മ‍ൗലവി ബാഖവി ഫോൺ ഉപയോഗിച്ചിരുന്നത്‌. അതും കീപാഡ്‌ ഫോൺ. സ്‌മാർട്ട്‌ ഫോണും ഡിജിറ്റൽ ലോകവുമെല്ലാം അന്യമായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയിലൂടെ 105–ാംവയസ്സിൽ ‘സ്‌മാർട്ടായി’ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടിൽ എം എ അബ്ദുള്ള മൗലവി ബാഖവി. ഇപ്പോൾ ഉപയോഗിക്കുന്നത്‌ സ്‌മാർട്ട്‌ ഫോൺ. സംഭാഷണത്തിനുമാത്രമല്ല, വാർത്ത കാണുന്നതും ഖുർആൻ വായന കേൾക്കുന്നതുമെല്ലാം സ്‌മാർട്ട്‌ ഫോണിൽ.


പ്രായം ഒന്നിനും തടസ്സമല്ലെന്ന്‌ തെളിയിച്ച ഇ‍ൗ ഡിജിറ്റൽ സാക്ഷരതാ പഠിതാവിനെ നേരിട്ടുകണ്ട്‌ അഭിനന്ദിക്കാൻ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌ തിങ്കളാഴ്‌ചയെത്തും. 21ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനച്ചടങ്ങിലേക്ക് ക്ഷണിക്കാൻകൂടിയാണ്‌ എത്തുന്നത്‌. കോവിഡ്കാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത സമയത്താണ്‌ വാർത്തകൾ കേൾക്കാനായി അബ്‌ദുള്ള മ‍ൗലവി ബാഖവിക്ക്‌ മക്കൾ ഡിജിറ്റൽ ഫോൺ നൽകിയത്‌. ഡിജി കോ-ഓർഡിനേറ്റർ സി ആർ ജയ, ഫോൺ ഉപയോഗിക്കാൻ പഠിപ്പിച്ചു. ഇളയമകൻ ഫൈസൽ അലിയുടെ മക്കളായ ഷാക്കിൽ അലിയും അയിഷ നസീഫയുമാണ് യൂട്യൂബ്‌ എടുക്കാനുൾപ്പെടെ പഠിപ്പിച്ചത്‌. രാവിലെ പത്രവായന. അത്‌ കഴിഞ്ഞാൽ ഡിജി ലോകത്തേക്ക്‌ പ്രവേശിക്കും.


‘‘തിരുവനന്തപുരത്ത് ഡിജിറ്റൽ സാക്ഷരതയുടെ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്‌. നോക്കട്ടെ, ആരോഗ്യാവസ്ഥ അനുവദിച്ചില്ലെങ്കിൽ ഇത്‌ ഡിജിറ്റൽ യുഗമല്ലേ, ഓൺലൈനായി പങ്കെടുക്കാല്ലോ’’– അബ്ദുള്ള മ‍ൗലവി ബാഖവി പറഞ്ഞു.


നിലത്തെഴുത്ത് പഠിച്ചശേഷം മതപഠനത്തിലേക്ക് പ്രവേശിച്ച ബാഖവി ബാഖവി ബിരുദം നേടി. 30–-ാംവയസ്സിൽ പൈമറ്റം പള്ളിയിൽ ഖത്തീബായി. വിവിധ പള്ളികളിൽ ജോലിനോക്കി. ദക്ഷിണകേരള മതവിദ്യാഭ്യാസ ബോർഡിന്റെ മദ്രസ ഡിഒ ആയിരുന്നു. അഞ്ചു തലമുറകളിലായി 52 പേരാണ് കുടുംബത്തിലുള്ളത്. ഭാര്യ ആയിഷ മൂന്നുകൊല്ലംമുമ്പ് മരിച്ചു. മക്കൾ: ബഷീർ അലി, സൈനബ, അമീനുല്ല, അബ്ദുൾ ഹൈ, ഫൈസൽ അലി.



deshabhimani section

Related News

View More
0 comments
Sort by

Home