അന്നദാന മണ്ഡപത്തിൽ തീർഥാടകർക്ക് കേരളീയ സദ്യ ആരംഭിച്ചു

ശബരിമല: ശബരിമലയിൽ തീർഥാടകർക്ക് രുചികരമായ കേരളീയ സദ്യ ചൊവ്വാഴ്ച മുതൽ വിളമ്പി തുടങ്ങി. മികച്ച പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ പുതിയ മെനുവും പുതിയ സമീപനവുമായാണ് തീർത്ഥാടന കാലം തുടങ്ങുന്നത്. മെനു കൃത്യമായി രേഖപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രത്യേക നിർദ്ദേശം നൽകി.
ദേവസ്വംബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ സാന്നിധ്യത്തിലാണ് അന്നദാനത്തിന് തുടക്കമായത്. പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ, ദോശയോ ഉൾപ്പെടെയുള്ള വിഭവങ്ങളും, ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയ സദ്യയും, രാത്രിയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ മുൻകരുതൽ സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ സിസിടിവി സ്ഥാപിച്ചു
ശബരിമല അന്നദാന മണ്ഡപത്തിലും അടുക്കളയിലും സിസിടിവി സ്ഥാപിച്ചു. അന്നദാനം തയ്യാറാക്കുന്ന അടുക്കളയിൽ മുൻ കരാറുകാരൻ്റെ സഹായി മദ്യപിച്ച് കയറിയത് അട്ടിമറി ലക്ഷ്യമാണോയെന്ന് സംശയം ഉയർന്നിരുന്നു. തിങ്കൾ രാത്രിയാണ് ഇയാൾ അടുക്കളയിലെത്തിയത്. ഇത് കരാറുകാരൻ ദേവസ്വം ബോർഡിനെ അറിയിച്ചു.
തീർഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാണ് അന്നദാന മണ്ഡപത്തിൽ സിസിടിവി സ്ഥാപിക്കാൻ ദേവസ്വംബോർഡ് പ്രസിഡന്റ് നിർദ്ദേശിച്ചത്. സിസിടിവി സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി നിർവഹിക്കുകയായിരുന്നു. തീർഥാടകരുടെ സുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. കിച്ചൺ, മെസ് ഹാൾ, സ്റ്റാൾ, കോറിഡോർ എന്നിവിടങ്ങളിലായി 12 സിസിടിവികളാണ് വയ്ക്കുന്നത്. ദേവസ്വം വിജിലൻസും ദേവസ്വം ഉദ്യോഗസ്ഥരും ഇത് പരിശോധിക്കും. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരു സമയം 5000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം നിലവിൽ ഒരുക്കിയിട്ടുണ്ട്.









0 comments