രജിത് റാം സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദേശാഭിമാനിയിലെ കെ സി രമേശന്

കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്‍പനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ കെ സി രമേശൻ അര്‍ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും രജിത് റാം സുഹൃദ്സംഘവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
ദേശാഭിമാനി ദിനപത്രത്തില്‍ 2025 ജൂലൈ നാലിന് കണ്ണൂർ പ്രാദേശിക എഡിഷനില്‍ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാര്‍ഡിന് അര്‍ഹമായത്. മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍ ടി സുരേഷ്ബാബു, കേരള കൗമുദി പ്രത്യേക ലേഖകനും കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന ചലച്ചിത്ര സംവിധായകൻ ഇ എം അഷറഫ്, കേരള കൗമുദി ന്യൂസ് എഡിറ്ററായിരുന്ന സി പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പരേതനായ കുമാരൻ- ലീല ദമ്പതികളുടെ മകനായ രമേശൻ കണ്ണൂര്‍ ചെക്കുകുളം കുണ്ടിലക്കണ്ടി സ്വദേശിയാണ്. ഭാര്യ: സി അജിത. മകൾ: കെ സി ലിയോണ.








0 comments