വോട്ടവകാശ നിഷേധം ജനാധിപത്യവിരുദ്ധം: എൻജിഒ യൂണിയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 20,000ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് എൻജിഒ യൂണിയൻ. ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പലതവണ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. അദ്ദേഹം നൽകിയ ഉറപ്പുകൾ ലംഘിച്ചിരിക്കുകയാണ്.
ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബഹുഭൂരിപക്ഷം ജീവനക്കാർക്കും ബാലറ്റ് ലഭിക്കാത്തിനാലാണ് ഉറപ്പുവരുത്താൻ കോടതിയെ സമീപിക്കേണ്ടിവന്നത്. ഏപ്രിൽ ഏഴിന് നൽകിയ ഹരജി എട്ടിന് പരിഗണിച്ച ഹൈക്കോടതി കമീഷന് കർശന നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അതുവരെ ഉത്തരവാദിത്വരഹിതമായ നിലപാട് തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസ് ഉണർന്നു പ്രവർത്തിക്കുകയും അതുവഴി കൂടുതൽ ജീവനക്കാർക്ക് ബാലറ്റ് ലഭിച്ചത്. എന്നിട്ടും ഇരുപതിനായിരത്തിലധികം പേർക്ക് വോട്ടവകാശം ലഭിച്ചില്ല. അവർക്കായി ജില്ലാതലത്തിൽ പ്രത്യേകം ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ച് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ഹൈക്കോടതി ഇക്കാര്യത്തിൽ സിഇഒയുടെ അഭിപ്രായം ആരായുകയും ചെയ്തുവെങ്കിലും കമീഷൻ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
വോട്ടെണ്ണാൻ മെയ് നാലുവരെ സമയം ഉണ്ടായിട്ടും സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധവും ദൗർഭാഗ്യകരവുമായ തീരുമാനങ്ങൾക്കെതിരെ വ്യവസ്ഥാപിതമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറൽ സെക്രട്ടറി എം വി ശശിധരൻ പ്രസ്താവനയിൽ പറഞ്ഞു.











0 comments