പ്രതിരോധത്തിന്റെ പുതുതലമുറ; പോരാട്ട ഭൂമിയിലെ മലയാളി മുഖങ്ങൾ

ജനാധിപത്യത്തെ തകർക്കാൻ ഒരു ഭരണകൂടവും ശ്രമിക്കേണ്ടതില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഡൽഹിയുടെ തെരുവുകൾ. ജന്തർമന്തറിലും കൊണാട്ട് പ്ലേസിലും കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബിലും ബാരക്കംബയിലും ഒത്തുചേരുന്നത് ഒരേ മനസ്സുള്ള മനുഷ്യരാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ, അനീതിക്ക് മുന്നിൽ മൗനം പാലിക്കാൻ തയ്യാറല്ലാത്തവർ, ഭരണകൂടത്തിന്റെ ഭീഷണികൾക്ക് മുന്നിൽ പതറാത്തവർ. ആ പോരാട്ടത്തിന്റെ ഭാഗമാകാൻ കേരളത്തിൽനിന്ന് നിരവധിപേരാണ് ഡൽഹിയിലെത്തിയത്. എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകൾ സമരമുഖത്തുണ്ട്. പഠനത്തിനായി ഡൽഹിയിലും പരിസരങ്ങളിലും എത്തിയ മലയാളി വിദ്യാർഥികൾ കാഴ്ചക്കാരായി മാറിനിൽക്കാൻ തയ്യാറായില്ല. തെരുവിലിറങ്ങി അവർ സ്വന്തം നിലപാട് പ്രഖ്യാപിക്കുകയാണ്. അവർ ധീരതയോടെ പ്രതിഷേധസ്വരമുയർത്തുകയാണ്. ഫിദൽ ടോം, പവിത്ര, അൻഷിക... ഇത് വെറും പേരുകൾ മാത്രമല്ല. ഭയന്നുമാറിനിൽക്കേണ്ടവരല്ല പുതിയ തലമുറയെന്ന് തെളിയിക്കുന്ന പോരാട്ടത്തിന്റെ മുഖങ്ങളാണ്.
നിർഭയം ഫിദൽ
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊലീസ് അതിക്രൂരമായി വേട്ടയാടുമ്പോഴും ജനാധിപത്യത്തിന് വേണ്ടി ശബ്‌ദിച്ചുകൊണ്ടിരുന്നയാളാണ് തൃശൂർ സ്വദേശി അഡ്വ. ഫിദൽ ടോം. ഡൽഹിയിൽ വിദ്യാർഥികളെ മർദിക്കുന്നത് ചോദ്യം ചെയ്‌ത ഫിദലിനെ സിവിൽ വേഷത്തിൽ എത്തിയ പൊലീസുകാർ കസ്‌റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ എത്തിച്ച് മർദിക്കുകയായിരുന്നു. ഷൂസിട്ട് മുഖത്ത് ചവിട്ടി. പൊലീസിന് പകരം ആർഎസ്‌എസ് ക്രിമിനൽ സംഘമാണ് മർദിച്ചതെന്നാണ് സൂചന. അതിക്രൂരമായ മർദനത്തിൽ ശരീരമാസകലം ചതവുണ്ട്. പാതിരാത്രിയിലാണ് വിട്ടയച്ചത്.
ഫിദൽ ടോമിനെ കേന്ദ്ര സേന അതിക്രൂരമായി മർദിക്കുന്ന ദൃശ്യത്തിൽ നിന്ന്എന്നാൽ ആ മുറിവുകളൊന്നും പോരാട്ടവീര്യത്തിന് തെല്ലും കോട്ടം നൽകുന്നില്ല. സമരവഴികളിലൂടെ ഡൽഹിയിലെത്തിയ ഫിദൽ ജനാധിപത്യധ്വംസനത്തിനെതിരെ ശബ്ദമുയർത്തുന്നത് ആദ്യമായല്ല. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാവും തൃശൂർ ശ്രീകേരളവർമ കോളേജിലെ യുയുസിയുമായിരുന്നു ഫിദൽ. പിന്നീട് കേന്ദ്ര സർക്കാർ റെയിൽവേ, മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി ഡൽഹിയെ തടവറയാക്കി മാറ്റുന്നതിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അഡ്വ. കപിൽ സിബൽ മുഖാന്തരം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അഭിഭാഷകരുടെ സംഘത്തിലും ഫിദലുണ്ടായിരുന്നു. എം എ ബേബിക്കുവേണ്ടി ഹാജരായ അഭിഭാഷകനല്ലേ എന്ന് ചോദിച്ചായിരുന്നു ജന്തർ മന്തറിൽ ക്രൂരമർദനം.
സമരാവേശവുമായി പവിത്ര
അനേകായിരമാളുകളുടെ പോരട്ട വീര്യത്തിന്റെ സ്മരണകളും പേറിയായിരുന്നു ജന്തർ മന്തറിലെ വിഥികളിലേക്ക് ആ പാലക്കാടുകാരി ഓടിക്കയറിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടക്കുന്ന സമരത്തിന്റെ മുഖമായി മലയാളിയായ പവിത്ര മാറുന്നതും രാജ്യം കണ്ടു. ബാരിക്കേഡുകൾ ബന്ധിച്ച് പൊലീസിനെയും മറികടന്ന് കൈയിൽ എസ്എഫ്ഐ കൊടിയുമേന്തി ജന്തർ മന്തറിലേക്കോടി കയറുന്ന വിദ്യാർത്ഥിയുടെ ചിത്രം കഴിഞ്ഞ ദിവസത്തെ സമരത്തിന്റെ മുഖമായാണ് പ്രചരിച്ചത്. ജനാധിപത്യത്തിനായി പ്രതീക്ഷയുടെ കൊടിയേന്തി ഓടിക്കയറിയ പവിത്ര രാജ്യത്ത് നിശബ്ദരാക്കപ്പെടാൻ ആഗ്രഹിക്കാത്ത നിരവധി പേരുടെ പ്രതിനിധിയാണ്.
പിന്നോട്ടില്ലെന്ന് അൻഷിക
അൻഷിക ജോൺ ബ്രിട്ടാസ് എം പിക്കും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജയ്ക്കുമൊപ്പംഡൽഹി പൊലീസിന്റെ അതിക്രമങ്ങളെ അതിജീവിച്ചും സമരമുഖത്ത് ഉറച്ചുനിൽക്കുന്ന പാലക്കാടുകാരി അൻഷികയും കൂട്ടുകാരും പുതിയ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബിഎസ്‍സി അഗ്രികൾച്ചർ വിദ്യാർഥിനിയായ അൻഷിക, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്. പൊലീസിന്റെ ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ വകവെക്കാതെ അവർ നടത്തുന്ന ഈ പോരാട്ടം രാജ്യത്തിന് മുഴുവൻ ആവേശമാണ്. യുവജനങ്ങളുടെ ഈ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് വഴങ്ങേണ്ടി വരും എന്നതിൽ സംശയമില്ല.
മുതിർന്ന സിപിഐഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, കെ കെ ശൈലജ, ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ് എം പി, എ എ റഹീം തുടങ്ങിയവർ പോരാട്ട ഭൂമിയിൽ പുതിയ തലമുറയ്ക്ക് മാതൃകയായി മുന്നിലുണ്ടായിരുന്നു. ഒപ്പം ജെയ്ക് സി തോമസ്, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തുടങ്ങിയ യുവനേതാക്കളുടെ സമരരീതികളും വേറിട്ടുനിൽക്കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിൽ ഉയരുന്നത് വെറുമൊരു പ്രതിഷേധത്തിന്റെ ശബ്ദമല്ല, ഭയത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് ഉറപ്പിച്ച ജനതയുടെ പോരാട്ടവീര്യമാണ്. അടിച്ചമർത്താം, അറസ്റ്റ് ചെയ്യാം, ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കാം. പക്ഷേ, അതുകൊണ്ടൊന്നും പോരാട്ടത്തെ ഇല്ലാതാക്കാനാവില്ല. ഒരാളെ കസ്റ്റഡിയിലെടുത്താൽ തൊട്ടടുത്ത നിമിഷം ആ സമരം മറ്റൊരാൾ ഏറ്റെടുക്കും. ഒരാളെ നിശ്ശബ്ദനാക്കിയാൽ ആയിരം ശബ്ദങ്ങൾ അവിടെ ഉയരും. അതാണ് ഡൽഹി ഇന്ന് രാജ്യത്തിന് കാണിച്ചുകൊടുക്കുന്നത്.









0 comments