print edition ലൈംഗികാതിക്രമ പരാതി നൽകിയ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

വിവേക് ഭഗത്
ന്യൂഡൽഹി : ഡൽഹി പൊലീസിലെ എസിപി വിവേക് ഭഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ എസിപി ലൈംഗികാതിക്രമം നടത്തിയെന്നും മർദിച്ചെന്നുമായിരുന്നു പരാതി. ഇതിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
എന്നാൽ, തന്നെ ജാതിപരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് കാണിച്ച് എസിപി നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ധൃതിപിടിച്ച് കേസെടുത്തു.
ഒക്ടോബർ മൂന്നിന് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു എസിപിയുടെ അതിക്രമം. വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിലെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെങ്കിലും എഫ്ഐആർ രജിസ്റ്റർചെയ്തിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് വരികയാണെന്ന തണുപ്പൻ പ്രതികരണമാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്നത്. ഇതിനിടെ എസിപി വിവേക് ഭഗതിന് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റവും നൽകി.
പ്രതിഷേധിച്ചവർക്ക് ക്രൂരമർദനം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള മാർച്ചിനിടെ പൊലീസിന്റെ ക്രൂരമർദനമേറ്റ വിദ്യാർഥികൾക്കൊപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. പൊലീസിന്റെ അടിയേറ്റ് ഒരു ചെവിയുടെ കേൾവിശക്തി നഷ്ടമായെന്ന് എൻഎസ്‌യുഐ പ്രവർത്തകയും മലയാളിയുമായ ഡൽഹി സർവകലാശാല വിദ്യാർഥിനി ആതിര വിജയൻ പറഞ്ഞു.
സ്വകാര്യഭാഗങ്ങളിൽ മർദിച്ചെന്ന് റിതു എന്ന വിദ്യാർഥിനി വെളിപ്പെടുത്തി. കസ്റ്റഡിയിലായവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തെന്നും തിരിച്ചുതന്നില്ലെന്നും മലയാളിയായ അർജുൻ എന്ന വിദ്യാർഥി പറഞ്ഞു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും ജന്തർ മന്തറിലേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.









0 comments