ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: ലൈംഗികാരോപണത്തെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വീഡിയോ കാണുകയും വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
ഇതിനെത്തുടർന്ന് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമപരമായ വഴി തേടാതെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് 'വൈറലാകാൻ' ശ്രമിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് ഷിംജിതയുടെ നിലപാട്. കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു.
ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ലെന്നും പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്.
ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്ത് അംഗമായിരുന്നു.










0 comments