ദീപകിന്റെ ആത്മഹത്യ: ലീഗ് വനിതാ നേതാവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ വനിതാ ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വ്യാഴാഴ്‌ച ജാമ്യാപേക്ഷ നൽകിയത്. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ വാദിച്ച സാഹചര്യത്തിലാണ് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതി നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇതേ തുടർന്നാണ് വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുൻ പഞ്ചായത്ത് അംഗം കൂടിയായ പ്രതിക്ക് നിയമത്തെക്കുറിച്ച് അറിവുണ്ടായിട്ടും പൊലീസിൽ പരാതിപ്പെടുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ ദീപക്കിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും സാമ്പത്തിക നേട്ടത്തിനുമായി പ്രതി ബോധപൂർവ്വം വീഡിയോകൾ ചിത്രീകരിക്കുകയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ബസ്സിലെ സിസിടിവി ദൃശ്യങ്ങളിൽ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ്.










0 comments