ad
Deshabhimani

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് ജാമ്യം; 22 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

deepak suicide
വെബ് ഡെസ്ക്

Published on Feb 11, 2026, 01:36 PM | 1 min read

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം.


കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസമായി മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഷിംജിത. 9000 രൂപയുടെ ബോണ്ടും മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതുമാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.


ഷിംജിതയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും, ഇത്രയും കാലം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി ആവശ്യമില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.


ജനുവരി 16-ന് പയ്യന്നൂരിലുണ്ടായ ബസ് യാത്രയ്ക്കിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ദീപക് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.


വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ദീപക്കിനെതിരെ നടന്നത്. ഇതിൽ മനംനൊന്ത് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.


ഷിംജിത പങ്കുവെച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home