ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി.
കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. യുവതി ഇൻസ്റ്റഗ്രാമിലൂടെ ഉന്നയിച്ച വ്യാജ ആരോപണങ്ങളെത്തുടർന്നുള്ള മാനസിക വിഷമത്തിലാണ് ദീപക് ജീവനൊടുക്കിയതെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.
ബസ് യാത്രയ്ക്കിടെ ദീപക് തന്നെ ഉപദ്രവിച്ചുവെന്ന് കാണിച്ച് ഷിംജിത പങ്കുവെച്ച വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇത്തരമൊരു അതിക്രമം നടന്നതായി തെളിവ് കണ്ടെത്താനായിട്ടില്ല.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിലാണ് കേസ് നടപടികൾ പുരോഗമിക്കുന്നത്. വ്യാജ വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയതാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.










0 comments