ദീപക് കേസ്: ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ പകർത്തിയ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ, മുസ്ലിം ലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകായിരുന്നു. വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് സെക്ഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ലെന്നും പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്ത് അംഗമായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. ഒരാളുടെ സ്വകാര്യത മാനിക്കണമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.










0 comments