print edition തീരുമാനങ്ങൾ ലീഗിന്റെ മാത്രം അറിവോടെ; മുഖ്യമന്ത്രിക്കെതിരെ നേതൃനിര


സി കെ ദിനേശ്
Published on Oct 03, 2026, 01:31 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവച്ച് ഘടകകക്ഷികളും കോൺഗ്രസ് നേതാക്കളും. സർക്കാരിനോ മുന്നണിക്കോ കൂട്ടുത്തരവാദിത്വമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി തലങ്ങും വിലങ്ങും മുഖ്യമന്ത്രിക്കെതിരെ വിമർശം ഉയർത്തുകയാണ്.
യുഡിഎഫ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ, സുപ്രധാന തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയും മുസ്ലിംലീഗും ചേർന്നാണെന്ന വസ്തുത പുറത്തുവന്നു. തങ്ങളെ അറിയിച്ചാണ് മുഖ്യമന്ത്രി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറയുന്നു. ഭരണപരിഷ്കാര കമീഷനും ഡെൽഹിയിലെ പ്രത്യേക പ്രതിനിധിയുമടക്കമുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
എന്നാൽ, കാബിനറ്റ് റാങ്കിലുള്ള നിയമനങ്ങൾപോലും അറിയുന്നില്ലെന്ന് യുഡിഎഫ് കൺവീനർ തുറന്നടിച്ചത് മുഖ്യമന്ത്രിക്കൊപ്പം ലീഗിനെക്കൂടി ഉന്നമിട്ടാണ്. മുഖ്യമന്ത്രിക്കെതിരായ വിമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽനിന്ന് പറഞ്ഞതാണെന്നും എഐസിസി ക്ക് പരാതികൊടുക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അടൂർ പ്രകാശ് ആവർത്തിച്ചു.
പല കാര്യങ്ങളും അറിയുന്നില്ലെന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും തുറന്നടിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തെത്തി. മുനീറിനെ ഭരണപരിഷ്കാര കമീഷനായി പരിഗണിച്ചപ്പോൾ മുന്നണിയിലെ സീനിയർ നേതാവായ പി ജെ ജോസഫിനെ തഴഞ്ഞതിലുള്ള അസംതൃപ്തി മന്ത്രി മോൻസ് ജോസഫ് പരസ്യമായി പ്രകടിപ്പിച്ചു.
അടൂർ പ്രകാശിന്റെ പ്രതികരണം വി ഡി സതീശനോട് വിയോജിപ്പുള്ള മറ്റ് നേതാക്കളുടെ പിന്തുണയോടെയാണെന്നും വ്യക്തമായി. കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാധ്യമങ്ങളെ കണ്ടെങ്കിലും അവരും അടൂർ പ്രകാശിനെ തള്ളിപ്പറഞ്ഞില്ല.
അടൂർ പ്രകാശിനെതിരെ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷവും അതിരൂക്ഷ വിമർശവുമായി എതിർ വിഭാഗവും രംഗത്തെത്തി. വെറുതെ വിടില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരം സന്ദർഭങ്ങളിൽ ഐക്യത്തെക്കുറിച്ച് വാചാലനാകാറുള്ള മുതിർന്ന നേതാവ് എ കെ ആന്റണി മാധ്യമങ്ങൾക്കുമുന്പിൽ വന്നെങ്കിലും ഗാന്ധി ജയന്തി ആശംസിച്ച് മടങ്ങി.









0 comments