print edition ഡിഎ കുടിശ്ശിക ; ഏറ്റവും കുറഞ്ഞത് 920 രൂപ അധികം ലഭിക്കും

തിരുവനന്തപുരം
കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധത്തിനിടയിലും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. നാല് ശതമാനം ഡിഎ, ഡിആർ കുടിശിക നവംബറിൽ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കളും ഇൗ സാമ്പത്തികവർഷം നൽകും. നാല് ശതമാനം ഡിഎ കുടിശ്ശിക നൽകുമ്പോൾ ഏറ്റവും കുറഞ്ഞത് 920 രൂപ അടുത്തമാസത്തിലെ ശമ്പളത്തിൽ അധികം ലഭിക്കും. ശമ്പള പരിഷ്‌കരണത്തിന്റെ മൂന്നും നാലും ഗഡുക്കൾ ലഭിക്കുമ്പോൾ ശരാശരി ഒരു ജീവനക്കാരന് 30,000 രൂപ ലഭിക്കും.
ഇൗ വർഷം ഏപ്രിൽ, സെപ്‌തംബർ മാസങ്ങളിലും ഓരോ ഗഡു അനുവദിച്ചിരുന്നു. മൂന്ന് ശതമാനം വീതമാണ് നൽകിയത്. നവംബറിൽ നൽകുക നാല് ശതമാനവും. ഇതോടെ അവസാന എട്ട് മാസത്തിനുള്ളിൽ 10 ശതമാനം ഡിഎ, ഡിആർ വർധനയാണ് നടപ്പാക്കിയത്. ഇനി അഞ്ചു ഗഡുവാണ് കുടിശ്ശിക. ഒന്നാം പിണറായി സർക്കാരാണ് 2021 ഫെബ്രുവരിയിൽ 16 ശതമാനം ഡിഎ, ഡിആർ ഒരുമിച്ചുനൽകി കുടിശ്ശിക പൂർണമായും തീർത്തത്. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് പലപ്പോഴും വലിയ കുടിശ്ശികയാണ് വരുത്തിയത്. തുടർന്ന് ജീവനക്കാർ സമരത്തിനിറങ്ങേണ്ടിവന്നു.
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മൂന്ന് ഗഡു ക്ഷാമബത്ത വെട്ടിക്കുറച്ചു. പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നപ്പോൾ കേരളം അതുൾപ്പെടെ അനുവദിച്ചു. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കളാണ് ഇൗ സാമ്പത്തിക വർഷം നൽകുക. 2026 ഏപ്രിൽ ഒന്നിനുശേഷം ഇത് പിഎഫിൽ ലയിപ്പിക്കും. പിഎഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ ഒന്നിനുശേഷം നൽകും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിരുന്നു.
ഡിഎ വർധന
ഒഎ (അടിസ്ഥാന ശമ്പളം 23,000)– 920 രൂപ
ക്ലർക്ക് (26,500)–1060
എൽപിഎസ്‌എ (35,600)– 1424
എച്ച്‌എസ്‌എ (41,300)–1652
പൊലീസ് കോൺസ്‌റ്റബിൾ(31,100)–1244
അസി. എൻജിനിയർ (55,200)–2208
സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ് (39,300)–1572
നഴ്‌സിങ് ഓഫീസർ (39,300)–1572
(ഓരോ തസ്‌തികയിലും ഏറ്റവും കുറഞ്ഞ വർധനവാണിത്. സർവീസ് അനുസരിച്ച് തുക ഉയരും)









0 comments