നാലരക്കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത കേസ് ; വ്യാജരേഖ ചമച്ചതിൽ മുഖ്യ ആസൂത്രകൻ ഡിസിസി അംഗം

അനന്തപുരി മണികണ്ഠൻ, മെറിൻ ജേക്കബ്, വസന്ത
തിരുവനന്തപുരം
വ്യാജരേഖ ചമച്ച് തിരുവനന്തപുരം ജവഹർ നഗറിൽ നാലരക്കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ ബന്ധം പുറത്ത്. ഡിസിസി അംഗവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠൻ, കോൺഗ്രസ് നേതാവായ അഭിഭാഷകൻ വൈ കോൺസ്റ്റന്റൈൻ എന്നിവരാണ് വ്യാജരേഖ തയ്യാറാക്കിയത്.
അനന്തപുരി മണികണ്ഠൻ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചതായാണ് വിവരം. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിക്കും. നിലവിൽ കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണച്ചുമതല. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ അനുയായിയായ മണികണ്‌ഠൻ കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.
അറസ്റ്റിലായ പുനലൂർ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച പുതുപ്പറമ്പിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (75) എന്നിവർ പ്രാഥമിക കണ്ണികൾ മാത്രമാണെന്നും പിന്നിൽ വേറെയും ആളുകളുണ്ടെന്നും മ്യൂസിയം പൊലീസ് പറയുന്നു. ആൾമാറാട്ടത്തിന് പണം ലഭിച്ചെന്നും മണികണ്ഠൻ പറഞ്ഞതുപ്രകാരം ഒപ്പിട്ടു നൽകുകയായിരുന്നുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും മൊഴി.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്ന വ്യാജേന പ്രതി മെറിൻ ജോസഫിന്റെ പേരിൽ ധനനിശ്ചയം ചെയ്ത് ആധാരം തയ്യാറാക്കിയത് കോൺസ്റ്റന്റൈനാണ്. ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം നൽകുന്നതായുള്ള ആധാരം തയ്യാറാക്കിയത് മണികണ്ഠനാണ്.
ചന്ദ്രസേനന്റെ മകളുടെ ഭർത്താവും ബിസിനസുകാരനുമായ അനിൽ തമ്പിയാണ് വിലയാധാരത്തിൽ സാക്ഷിയായി ഒപ്പിട്ടത്. ഇയാൾക്കും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മണികണ്ഠൻ തയ്യാറാക്കിയ ആധാരത്തിൽ താൻ ഒപ്പിടുകമാത്രമാണ് ചെയ്തതെന്നാണ് കോൺസ്റ്റന്റൈൻ പറയുന്നത്.
വസ്തു ഇടപാടിനായി മെറിന്റെ ആധാർ കാർഡും വ്യാജമായി തയ്യാറാക്കിയ ആധാർ നമ്പർ ഒഴികെയുള്ള വിവരങ്ങൾ വ്യാജമായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിനെയും വസന്തയെയും പിടികൂടിയത്.
പിതാവ് അസറിയയിൽനിന്ന് പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് തട്ടിയെടുത്തതെന്ന് ഡോറ അസറിയ ക്രിപ്‌സ് പരാതിയിൽ പറയുന്നു. ഭൂമി നോക്കിനടത്താൻ ബന്ധുവായ അമർനാഥ് പോളിനെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ കരമടയ്‌ക്കാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയത് അറിഞ്ഞതെന്ന് അമർനാഥ് പോൾ പറയുന്നു. ഇതോടെ ഡോറയെ വിവരം അറിയിക്കുകയും അവർ ഇമെയിൽ പരാതി അറിയിക്കുകയുമായിരുന്നു.










0 comments