ഡാര്‍ക്ക്‌നെറ്റ് വഴി ലഹരിയിടപാട്; ദമ്പതികളും അറസ്റ്റില്‍

കൊച്ചി: ഡാർക്ക്‌നെറ്റ് വഴിയുള്ള മയക്കുമരുന്ന് ഇടപാടിൽ ദമ്പതികളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്‌റ്റ് ചെയ്‌തു. റിസോർട്ട് ഉടമകളും ദമ്പതികളുമായ ഡിയോൾ, ഭാര്യ അഞ്‌ജു എന്നിവരെയാണ് വാഗമണ്ണിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കെറ്റാമെലോൺ തലവൻ എഡിസൺ, സുഹൃത്ത് അരുൺ തോമസ് എന്നിവരെ എൻസിബി നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ആസ്‌ട്രേലിയയിലേക്കാണ് ദമ്പതികൾ കൂടുതലായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇംഗ്ലണ്ടിൽ നിന്നു തന്നെയാണ് ഇവരും മയക്കുമരുന്ന് വാങ്ങിയത്. പാഴ്‌സലുകളിൽ എത്തിയിരുന്ന കെറ്റമിൻ ഉൾപ്പെടെയുള്ള ലഹരി ആസ്‌ട്രേലിയക്ക് അയക്കും.
എഡിസണും ഡിയോളും സുഹൃത്തുക്കളായിരുന്നുവെന്ന് വിവരമുണ്ട്. ഒറ്റക്കും കൂട്ടായും ഇവർ ലഹരിയിടപാട് നടത്തിയിട്ടുണ്ട്. ഡോ.സ്യുസ് ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തന്നെയാണ് ദമ്പതികളുടെയും ലഹരി ഉറവിടം. ക്രിപ്‌റ്റോ കറൻസി മുഖാന്തിരമായിരുന്നു വിൽപന. ഇവരിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനയിൽ കൂടുതൽ വിവരം ലഭിക്കും. രണ്ട് വർഷത്തിലധികമായി ഇവർ ഈ രംഗത്തുണ്ട്. എഡിസനെയും കൂട്ടാളി അരുൺതോമസിനെയും എൻസിബി കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖലയായിരുന്നു മൂവാറ്റുപുഴ വള്ളക്കാലിൽ ജങ്‌ഷൻ മുളയംകാട്ടിൽ വീട്ടിൽ എഡിസൺ നേതൃത്വം നൽകിയിരുന്ന കെറ്റാമെലോൺ. ഡാർക്ക്‌നെറ്റ് വഴി സ്വന്തം ആവശ്യത്തിന് മയക്കുമരുന്ന് വാങ്ങിയിരുന്ന എഡിസൺ പിന്നീട് കെറ്റാമെലോൺ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു.
നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്തതും എഡിസനെ പിടിച്ചതും. വീട്ടിലെ പരിശോധനയിൽ 1127 എൽഎസ്‌ഡി സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്‌ക്കുതുല്യമായ ക്രിപ്‌റ്റോ കറൻസിയും പിടിച്ചു. ഇടപാടിന് ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡാർക്ക്‌നെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്‌റ്റം അടങ്ങിയ പെൻഡ്രൈവും പിടിച്ചെടുത്തിരുന്നു. ഇവയും പരിശോധിക്കുകയാണ്.









0 comments