‘‘സ്‌ത്രീയാണെന്നുപോലും നോക്കിയില്ല, തലയ്‌ക്കടിച്ച് വീഴ്‌ത്തി; ഇൗ വഴിയിലൂടെ എന്നെ വലിച്ചിഴച്ചു’

പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച സ്‌ത്രീയെ പൊലീസ് വലിച്ചിഴക്കുന്നു (ഇടത്), പൊലീസ് അതിക്രമത്തിൽ തലക്ക് ലാത്തി അടിയേറ്റ പി കെ മിനിയും പരിക്കേറ്റ മകൾ മിഥുനയും (വലത്)
പെരുമ്പാവൂർ: ‘‘സ്‌ത്രീയാണെന്ന് പരിഗണിക്കാതെയായിരുന്നു പൊലീസിന്റെ ആക്രമണം. ലാത്തികൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണിട്ടും പൊലീസ് നിർത്തിയില്ല. കല്ലുകൾ നിറഞ്ഞ ഇൗ വഴിയിലൂടെ എന്നെ വലിച്ചിഴച്ചു.’’–എറണാകുളം പാരിയത്തുകാവിലെ പി കെ മിനിയുടെ വാക്കുകളിൽ തെളിയുന്നത് പൊലീസിന്റെ ക്രൗര്യവും ക്രൂരതയും.
രാവിലെ കാര്യമായ പ്രശ്‌നങ്ങളൊന്നും പൊലീസുണ്ടാക്കിയില്ല. എന്നാൽ, ഉച്ചയോടെ പൊടുന്നനെയായിരുന്നു ആക്രമണം. ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല. കൺമുന്നിൽ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചു. വീണവരെ ചവിട്ടി. അതിനിടയിലാണ് എനിക്കും അടികൊണ്ടത്.
വീട്ടിലേക്ക് അതിക്രമിച്ചുകയറി. മകൾ മിഥുനയെയും ആക്രമിച്ചു. മോളുടെ കുട്ടികൾ ഇൗ സമയം വീട്ടിലുണ്ടായിരുന്നു. അവർ പേടിച്ച് നിലവിളിച്ചു. പൊലീസിൽനിന്ന് രക്ഷപ്പെട്ട് ഞാൻ എല്ലാവരെയും വീട്ടിനുള്ളിലാക്കി കതകടയ്‌ക്കുകയായിരുന്നു–മിനി പറഞ്ഞു. നേരത്തേയും അഭിഭാഷക കമീഷൻ ഇവിടെ വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങൾ പ്രതിഷേധിച്ചിട്ടുമുണ്ട്. എന്നാൽ, ഇത്തരമൊരു ആക്രമണം ഇതാദ്യമാണ്– മിനി പറഞ്ഞു.
കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമീഷൻ നാളെ വീണ്ടുമെത്തും
പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമീഷൻ ശനിയാഴ്‌ച വീണ്ടുമെത്തും. പെരുന്പാവൂർ മുൻസിഫ് കോടതി നിർദേശത്തെ തുടർന്നാണിത്. സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റൂറൽ എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്‌ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ അതിനായുള്ള നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തിങ്കളാഴ്‌ച സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ബുധനാഴ്ച വൻ പൊലീസ് സന്നാഹവുമായി എത്തി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് നടത്തിയ ആക്രമണത്തിലാണ് ദളിത് വിഭാഗത്തിലുള്ള നിരവധിപേർക്ക് പരിക്കേറ്റത്. ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കം.










0 comments