ദളിത് ഗവേഷകന്റെ പിഎച്ച്‌ഡി തടഞ്ഞ സംഭവം: മന്ത്രിക്ക് നിവേദനം നൽകി

ഡീന്‍ വിജയകുമാരി, വിപിൻ വിജയൻ
തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതവകുപ്പിൽ ഗവേഷണം പൂർത്തിയാക്കിയ ദളിത് ഗവേഷകൻ വിപിൻ വിജയന് പിഎച്ച്ഡി ബിരുദം അനുവദിക്കാത്തതിൽ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. വകുപ്പിലെ വിദ്യാർഥികളും ഗവേഷകരുമാണ് നിവേദനം നൽകിയത്. എല്ലാ അക്കാദമിക് ഘട്ടങ്ങളും പൂർത്തിയാക്കിയശേഷം ഓപ്പൺ ഡിഫൻസിൽ പിഎച്ച്ഡി ബിരുദം തടസ്സപ്പെടുത്തുകയായിരുന്നു. ഗവേഷകന് സംസ്കൃത ഭാഷയിൽ ആവശ്യമായ പരിജ്ഞാനമില്ലെന്ന അടിസ്ഥാനപരമായ വാദമാണ് ഉന്നയിച്ചത്. വിപിന് എംഫിൽ ഗൈഡൻസ് നടത്തുകയും വിജയകരമായി പഠനം പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തുകയും ചെയ്‌ത അതേ അധ്യാപിക ഇൗ നിലപാടെടുത്തത് വിരോധാഭാസമാണ്.
ഭരണഘടനപ്രകാരം എസ്‌സി, എസ്‌ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. വിപിന്റെ പിഎച്ച്ഡി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് നിഷ്‌പക്ഷ അന്വേഷണം നടത്തണം. അവസാനഘട്ടത്തിലെ എതിർപ്പിന്റെ നിയമസാധുതയും ജാതിപരമായ മുൻവിധിയോ വിവേചനമോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണം. ചട്ടപ്രകാരമുള്ള തടസ്സങ്ങളില്ലെങ്കിൽ പിഎച്ച്ഡി ബിരുദം അനുവദിക്കാൻ കേരള സർവകലാശാലയോട് നിർദേശിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.










0 comments