സൈബർ വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് 21 പവൻ മോഷ്ടിച്ചു

എ ഐ പ്രതീകാത്മകചിത്രം
കോഴിക്കോട് : നഗരത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ കവർന്നതായി പരാതി. സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിയുടെ തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് മോഷണം. വിനോദ് ഭട്ടതിരിയും കുടുംബവും ചൊവ്വാഴ്ച ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ പോയപ്പോഴാണ് കവർച്ച.
വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. അഞ്ച് പവന്റെയും മൂന്ന് പവന്റെയും മാലകൾ, നാല് പവൻ തൂക്കമുള്ള വളകൾ, 1.25 പവൻ തൂക്കംവരുന്ന ബ്രേസ്‌ലെറ്റ്, മൂന്ന് പവൻ തൂക്കമുള്ള സ്വർണക്കമ്മലുകൾ, രണ്ട് പവൻ തൂക്കമുള്ള മോതിരങ്ങൾ, 1.5 പവൻ സ്വർണമുള്ള സ്വിസ് വാച്ച്, ഒന്നര പവൻ തൂക്കമുള്ള ലോക്കറ്റ് എന്നിവയാണ് മോഷണം പോയിരിക്കുന്നത്. അതേസമയം, സ്വർണത്തിനൊപ്പം സൂക്ഷിച്ച വിലപിടിപ്പുള്ള മൊബൈൽ ഫോൺ നഷ്ടമായിട്ടില്ല.
നടക്കാവ് പൊലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ടുപോവുകയാണ്. വീടിനടുത്ത് സംശയകരമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്ന ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.










0 comments