print edition വിള ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ചു, പുതുതായി 13 വിളകളെ ഉൾപ്പെടുത്തി; തേനീച്ചക്കൃഷിക്കും പരിരക്ഷ


സ്വന്തം ലേഖകൻ
Published on Mar 15, 2026, 12:59 AM | 1 min read
തിരുവനന്തപുരം: കാർഷികമേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ചതായി മന്ത്രി പി പ്രസാദ്. പുതുതായി 13 വിളകളെയും ഇതാദ്യമായി തേനീച്ച കൃഷിയെയും പദ്ധതിയിൽ ഉൾപ്പെടുത്തി. നെല്ല്, തെങ്ങ്, കവുങ്ങ്, റബർ, വാഴ തുടങ്ങി 27 പ്രധാന കാർഷിക വിളകൾക്കാണ് നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നത്. ഉപ്പുവെള്ളം കയറി നെൽകൃഷി നാശിക്കുന്നതിനും പുതിയ പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയ്ക്കും മാവുകളിലെ കീടബാധ മൂലം വിളനാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കും.
വിദേശ ഫലവർഗങ്ങൾക്കും പപ്പായ പോലുള്ള ഫലവർഗ വിളകൾക്കും ചേമ്പ്, കാച്ചിൽ എന്നീ കിഴങ്ങുവർഗ വിളകൾക്കും ആന്തൂറിയം, ഓർക്കിഡ്, മുല്ല എന്നിവയ്ക്കും പരിരക്ഷയുണ്ട്. ഈച്ചയോടുകൂടിയ തേനീച്ചക്കൂടുകൾക്കും ഇൻഷുറൻസ് ലഭിക്കും.
വാഴക്കൃഷിയിൽ ഒരുകുഴിയിൽ ഒന്നിലധികം കന്നുകൾ നടുന്ന ഹൈ-ഡെൻസിറ്റി പ്ലാന്റിങ് അനുവർത്തിക്കുന്നവർക്ക്, കൂടുതൽ വാഴകൾക്ക് പരിരക്ഷ ലഭിക്കുംവിധത്തിൽ പദ്ധതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന എല്ലാ കർഷകർക്കും പദ്ധതിയിൽ അംഗമാകാം. പ്രകൃതിക്ഷോഭംമൂലമുള്ള കൃഷിനാശത്തിനുപുറമെ കർഷകർ നേരിടുന്ന, വന്യമൃഗാക്രമണത്താലുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ആനുകൂല്യം ലഭിക്കും. വനാതിർത്തിയോടുചേർന്ന് തർക്കങ്ങളില്ലാതെ വർഷങ്ങളായി കൃഷിചെയ്യുന്ന പട്ടയമില്ലാത്ത ഭൂമിയിലുള്ള ദീർഘകാല വിളകൾക്ക് സർക്കാർ നേരത്തെ പരിരക്ഷ ഉറപ്പാക്കിയിരുന്നു.










0 comments