print edition ക്രിമിനൽ പൊലീസ്


റഷീദ് ആനപ്പുറം
Published on Aug 29, 2026, 12:00 AM | 1 min read
തിരുവനന്തപുരം: രക്ഷകരാകേണ്ട പൊലീസ് ക്രിമിനലുകളാകുന്ന കാഴ്‌ചയാണ് കേരളത്തിൽ. യുഡിഎഫ് ഭരണത്തിലേറി രണ്ടാംനാൾ എറണാകുളം മലയിടംതുരുത്ത് പര്യാത്ത്‌കാവിൽ ദളിതരെ തല്ലിച്ചതച്ച് തുടങ്ങിയതാണ് പൊലീസ്‌രാജ്. അഞ്ചുദിവസംമുന്പ് കോഴിക്കോട് കണ്ണൂക്കര മാടക്കര ജുമാമസ്‌ജിദിൽ വിശ്വാസികളെ ക്രൂരമായി വേട്ടയാടിയതുവരെ എത്തിനിൽക്കുന്നു പൊലീസ‍് ഭീകരത.
കുണ്ടറയിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത സിയാദ് ക്രൂരമർദനത്തിനിരയായി ആശുപത്രിയിലാണ് മരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കസ്‌റ്റഡി മരണം ആരോപണംഉയർന്നാൽ അന്വേഷണം സിബിഐക്ക് വിടാറുണ്ടായിരുന്നു. സിയാദിന്റെ മരണം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. വയനാട് മുത്തങ്ങയിൽ സൈക്കിളിൽനിന്ന് വീണ് ചോരവാർന്ന് കിടന്ന ആദിവാസി ബാലൻ മനുവിന്റെ ജീവൻ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷിക്കാമായിരുന്നു.
യുഡിഎഫ് അധികാരത്തിൽ വരുന്പോൾ ജനനേന്ദ്രിയം അടിച്ചുതകർക്കൽ പൊലീസിന് ഹരമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തലസ്ഥാനത്ത് യുവാവിന്റെ ജനനേന്ദ്രിയം പൊലീസ് തച്ചുതകർത്തത് വലിയ വാർത്തയായിരുന്നു. പത്തുവർഷത്തിനുശേഷം പത്തനംതിട്ട അടൂരിൽ യുവാവിനെ കാറിലിട്ട് ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്തു. കൂടൽ പൊലീസ് സ്റ്റേഷനിൽ ഹൃദ്‌രോഗിയായ 20 വയസ്സുകാരനെ കസ്‌റ്റഡിയിൽ ക്രൂരമായി മർദിച്ചു.
‘ഓപ്പറേഷൻ തൂഫാനു’മായി പൊലീസ് നാടാകെ ചുറ്റുന്പോഴാണ് നെടുമങ്ങാട് മദ്യപിച്ചെത്തിയ ഇൻസ്‌പെക്ടർ പൊലീസ് സ്‌റ്റേഷനിലെത്തി ബന്ധുക്കളെ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ചത്. ഇടുക്കി കരിമണ്ണൂർ എസ്‌ഐ ഉൾപ്പെടെയുള്ളവരെ പൊലീസ് ജീപ്പിൽ മദ്യവുമായി പോകുന്പോൾ നാട്ടുകാർ പൊക്കി. എംഡിഎംയുമായി അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ മുഹമ്മദ് ഹുസൈനും സംരക്ഷണമൊരുക്കി.
ആർഎസ്‌എസ് ഭരണമാണ് പൊലീസിൽ. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനത്ത് നിയമിക്കുന്നുവെന്ന ആക്ഷേപം ശക്തം.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ അവധിക്ക് സഹായിച്ച് കത്ത് നൽകിയത് ആഭ്യന്തരവകുപ്പാണ്. പോക്‌സോ കേസിൽ ജയിലിലായിരുന്ന ആർഎസ്‌എസുകാരനായ അധ്യാപകൻ പ്രേമരാജന് ജാമ്യം ലഭിക്കാൻ പൊലീസും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും ഒത്തുകളിച്ചു.
കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാർ ആഭ്യന്തരവകുപ്പിൽ നടപ്പാക്കിയ പരിഷ്‌കാരം തകർക്കുകയാണ് യുഡിഎഫ്. ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ സംവിധാനം പൂർണമായും ഇല്ലാതാക്കി. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിലും കത്തിവച്ചു.









0 comments