'രാത്രിയിൽ വന്ന് കാലുപിടിച്ച് മാപ്പ് പറഞ്ഞ് കരഞ്ഞു'; അബ്ദുറഹ്മാൻ രണ്ടത്താണിയെ പരിഹസിച്ച് പി എം എ സലാം

അബ്ദുറഹ്മാൻ രണ്ടത്താണി, പി എം എ സലാം
മലപ്പുറം: സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ അതൃപ്തി വ്യക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിക്കെതിരെ പരിഹാസവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെ ലീഗ് ജനറൽ സെക്രട്ടറി പരിഹസിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കൻ ശ്രമിച്ചവരൊക്കെ രാത്രിയിൽ വന്ന് കാലിപിടിച്ച് മാപ്പ് പറഞ്ഞ് കരഞ്ഞുപോയി എന്നാണ് പി എം എ സലാം പറഞ്ഞത്.
മുസ്ലിംലീഗ് സ്ഥാനാർഥിനിർണയത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ വിമർശിച്ച് രണ്ടത്താണി ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘മുസ്ലിംലീഗ് പാർടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌തങ്ങൾ’ എന്നായിരുന്നു രണ്ടത്താണി ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ മുഹമ്മദലി തങ്ങളുടെ പടം ചേർത്തായിരുന്നു കുറിപ്പ്.
പാർടികാരൻ എന്ന നിലയിലുള്ള വികാരമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു പിന്നീട് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞത്. ആശയപരമായി മുസ്ലിം ലീഗുകാരനാണ്. പാർടിയുടെ ട്രാക്കിൽ നിന്ന് ഇന്നുവരെ തെറ്റിയിട്ടില്ല. സിപിഐ എം നേതാക്കളുമായി നല്ല ബന്ധമുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങൾ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി. അതേ പാത പിന്തുടരുന്നുവെന്നാണ് ഉദേശിച്ചതെന്നും രണ്ടത്താണി പറഞ്ഞു. ലീഗ് വിടുമോ, മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.










0 comments