വയനാട് ദുരിതാശ്വാസം: പിരിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി; ഈ മാതൃക മറ്റുള്ളവർ പിന്തുടരണം: എം എ ബേബി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.
സിപിഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കണക്കുകൾ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഐ എമ്മിന്റെ മാതൃക അവർ പിന്തുടരണം.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ, പാർട്ടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസ ഏറ്റുവാങ്ങിയ പാർട്ടിയാണ് സിപിഐ എം എന്ന് എം എ ബേബി പറഞ്ഞു.









0 comments