നിതിന്‍ രാജിന്‍റെ കുടുംബത്തെ ചേർത്ത് പിടിച്ച് സിപിഐ എം; വീടിന്റെ തറക്കല്ലിടൽ എം വി ഗോവിന്ദൻ നിർവഹിച്ചു

തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു.
ചടങ്ങിൽ സിപിഐ എം ജില്ലാ ആക്‌ടിങ് സെക്രട്ടറി എ എ റഹിം, സംസ്ഥാന കമ്മിറ്റിഅംഗം എം വിജയകുമാർ, ജി സ്റ്റീഫൻ എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, നിധിൻരാജിന്റെ സഹോദരിഭർത്താവ് പോൾ റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു.
നിതിൻ രാജിന്റെ കുടുംബാഗങ്ങൾ നിർദ്ദേശിച്ച പ്രകാരമുള്ള സ്ഥലത്ത് തന്നെയാണ് വീട് ഉയരുന്നതെന്നും 1118 സ്ക്വയർ ഫീറ്റുള്ള ഇരുനില കെട്ടിടമാണ് പണിയുന്നതെന്നും എ എ റഹീം പറഞ്ഞു. സിപിഐ എം വിളപ്പിൽ, വിതുര ഏരിയ കമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക.
കേരളത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തവാർത്തയായിരുന്നു നിതിൻ രാജിന്റെ വിയോഗം. നിതിന്റെ മരണം ആ കുടുംബത്തെയാണ് അനാഥമാക്കിയത്. എല്ലാ അർഥത്തിലും നിതിന്റെ കുടുംബത്തോടൊപ്പമെന്ന് എം വി ഗോവിന്ദന്‍ ഉറപ്പ് നൽകിയിരുന്നു. മന്ത്രി വി ശിവൻകുട്ടിയും നിതിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പും നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നടത്തിയ കൂടിയാലോചനയിലാണ് നിതിന്റെ കുടുംബത്തിന് സിപിഐ എം വീട് വെച്ച് നൽകാൻ തീരുമാനം എടുത്തത്.










0 comments