ad
Deshabhimani

print edition ഡീലിന്റെ ഭാഗം: സിപിഐ എം

BJP-CONGRESS
വെബ് ഡെസ്ക്

Published on Jun 18, 2026, 12:30 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീയുടെ പേരിൽ വ്യാജപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രീയനേട്ടം കൊയ്യുന്ന യുഡിഎഫ്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങൾക്കിടയിൽ എൽഡിഎഫിനെതിരായ വികാരം ആളിക്കത്തിക്കാനായിരുന്നു യുഡിഎഫ്‌ ശ്രമിച്ചത്‌.


പദ്ധതിയുടെ ധാരണപത്ര(എംഒയു)ത്തിൽ ഒപ്പിട്ടപ്പോൾ സിപിഐ എം–ബിജെപി ഡീൽ എന്ന് നുണ പ്രചരിപ്പിച്ചു. അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു വി ഡി സതീശനും കെ സി വേണുഗോപാലും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്‌. പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന്‌ പറഞ്ഞവരാണ്‌ ഇപ്പോഴത്തെ ലീഗ്‌ മന്ത്രിമാർ. പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന്‌ വ്യക്തം.


പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതിയും കാവിവൽക്കരിക്കലാണ്‌ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ്‌ കേരളം പാഠ്യപദ്ധതി തയ്യാറാക്കിയത്‌. മുഗൾ കാലഘട്ടത്തെക്കുറിച്ച്‌ ഇവിടെ പഠിപ്പിക്കുന്നു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത്‌ നാഥുറാം വിനായക്‌ ഗോഡ്‌സെയാണെന്ന ചരിത്രസത്യം പാഠപുസ്‌തകത്തിൽനിന്ന്‌ മാറ്റിയിട്ടില്ല. സിബിഎസ്‌ഇ സിലബസിൽ ഇതെല്ലാം മാറ്റിക്കഴിഞ്ഞു.


പാഠപുസ്‌തകങ്ങൾ കാവിവൽക്കരിച്ച മാതൃകയാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പാക്കുന്നത്‌. അതാണിവിടെ നടപ്പാക്കുന്നതെങ്കിൽ മതനിരപേക്ഷ സമൂഹം അനുവദിക്കില്ല, അതിശക്തമായ പ്രക്ഷോഭമുണ്ടാകും.


ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായിരുന്നു വി ഡി സതീശന്റെ മംഗളൂരുവിലേക്കുള്ള ദുരൂഹയാത്ര. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ നിലവിളക്ക്‌ കൊളുത്തി സംഘപരിവാറിനോട്‌ വിധേയത്വം തെളിയിച്ചയാളാണ്‌ സതീശൻ. അർഹരായ വോട്ടർമാരുടെ പേര്‌ ബിജെപിക്കായി പട്ടികയിൽനിന്ന്‌ നീക്കാൻ നേതൃത്വംകൊടുത്ത ഐഎഎസ്‌ ഉദ്യോഗസ്ഥനെ അധികാരമേറ്റയുടൻ സെക്രട്ടറിയാക്കി. സംഘപരിവാറിന്റെ ഇഷ്ടതോഴനെ പ്രസ്‌ സെക്രട്ടറിയാക്കി.


എംജി വിസിയായി സംഘപരിവാർ അധ്യാപക നേതാവിനെ ഗവർണർ നിയമിച്ചപ്പോഴും സെനറ്റിൽ 19 ആർഎസ്‌എസുകാരെ കുത്തിനിറച്ചപ്പോഴും മുഖ്യമന്ത്രി മിണ്ടിയില്ല. വിസിമാർ ആർഎസ്‌എസ്‌ മേധാവിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ എഫ്‌ബി കുറിപ്പിട്ടതല്ലാതെ ഗവർണർ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെടാനുള്ള തന്റേടം കാണിച്ചില്ല.


നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര അവഗണനയെക്കുറിച്ചോ വർഗീയ രാഷ്‌ട്രീയത്തെക്കുറിച്ചോ പറഞ്ഞില്ല. സംസ്ഥാനത്തിന്‌ 14,000 കോടിരൂപ നിഷേധിച്ചപ്പോഴും മിണ്ടിയില്ല. കേന്ദ്രത്തോടുള്ള പാദസേവയാണ്‌ മൗനത്തിന്‌ കാരണം. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്നാണ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്‌. വിദ്യാഭ്യാസമേഖലയിലടക്കം മതനിരപേക്ഷത സംരക്ഷിക്കാൻ കേരളീയസമൂഹം ഒറ്റക്കെട്ടായി പൊരുതും –പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home